ഉദ്ഘാടനത്തിന് തിളക്കം, പ്രവർത്തനത്തിന് ഇരുട്ട് – ഗുരുവായൂരിൽ വിവാദം”
“കെട്ടിടനമ്പറില്ലാതെ പ്രവർത്തിക്കുന്ന ഷീ സ്റ്റേ ഹോം; ഉദ്ഘാടനം കഴിഞ്ഞ ഭക്ഷണശാല ഇന്നും അടഞ്ഞു കിടക്കുന്നു
“ഭരണപരമായ വീഴ്ചയോ, നിയമലംഘനമോ? ഗുരുവായൂരിൽ ചർച്ച”
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ സ്വന്തം കെട്ടിടം തന്നെ അനധികൃതമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ആരോപിച്ചു.നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷീ സ്റ്റേ ഹോം ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസം പിന്നിട്ടിട്ടും കെട്ടിടത്തിനു ഇന്നുവരെ നമ്പർ നൽകാൻ കഴിഞ്ഞിട്ടില്ല. കെട്ടിട നമ്പർ ഇല്ലാതെ ആളുകളെ താമസിപ്പിക്കുന്നത് നിയമപരമായി വലിയ വീഴ്ചയാണെന്നും, ഭരണകൂടം തന്നെ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നത് മറ്റ് സ്ഥാപനങ്ങൾക്കും മാതൃകയായിത്തീരുന്നതായും വിമർശനങ്ങൾ ഉയരുന്നു.
ഉദ്ഘാടന വേളയിൽ അടുപ്പ് കത്തിച്ച് പ്രഖ്യാപിച്ച ഭക്ഷണശാലയും ഇന്നുവരെ പ്രവർത്തനം ആരംഭിക്കാത്തത് ഭരണനേതൃത്വത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുന്നു. പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ വെറും ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്ന സമീപനമാണ് നഗരസഭ തുടരുന്നതെന്നതാണ് ആരോപണം.
“ഉദ്ഘാടന മാമാങ്കങ്ങൾ നടത്തുമ്പോൾ ഇത്തരം നിയമപരമായ കാര്യങ്ങളും ഒരിക്കല്‍ പരിശോധിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു. കെട്ടിട നമ്പറോ ലൈസൻസോ ഇല്ലാതെ തന്നെ പ്രവർത്തിക്കുന്നതിനുള്ള ‘അവാർഡ്’ സ്വന്തമാക്കാനാണ് നഗരസഭ ശ്രമിക്കുകയാണോയെന്ന് ” – പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ചോദിച്ചു.

