ഗുരുവായൂർ: വിദ്യാവിഹാർ സെൻട്രൽ സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി ഒരു പ്രചോദനാത്മക വക്താവ് നൽകിയ മോട്ടിവേഷണൽ ക്ലാസ്സ് നടന്നു. സ്കൂളിന്റെ പി.ടി.എ.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ക്ലാസ്സ് “കാപ്പിപ്പൊടിയച്ചൻ” എന്നറിയപ്പെടുന്ന ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ നയിച്ചു. സാമൂഹ്യ സേവന രംഗത്തും മറ്റും പ്രാധാന്യമർഹിക്കുന്ന സംഭാവനകൾ നല്കിയിട്ടുള്ള വിദ്യാവിഹാറിന്റെ പൊതുജന സമ്പർക്ക പരിപാടികളിലൊന്നായിരുന്നു ഈ സൗജന്യ മോട്ടിവേഷണൽ ക്ലാസ്സ്.
കൗൺസിലറും പ്രൊഫസറും എഴുത്തുകാരനുമെല്ലാം ആയ ബഹുമുഖ പ്രതിഭയായ “ചിരിയച്ചൻ” നൽകിയ പ്രഭാഷണം, മനസ്സിനെ തൊട്ടുണർത്തുന്നതായിരുന്നു. ചിരിക്കൊപ്പം ചിന്തയുണർത്തുന്ന ആ പ്രഭാഷണം, മൂല്യബോധത്തിലൂന്നിയതായിരുന്നു. ജീവിതത്തിൽ സന്തോഷത്തിൻ്റെ നിറഞ്ഞു നിൽക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം പ്രതിപാദിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള നല്ല ഒരു സംഭാവനയായിരുന്നു ക്ലാസ്.
യോഗത്തിൽ, പ്രിൻസിപ്പാൾ ഉഷ നന്ദകുമാർ സ്വാഗത പ്രസംഗം നടത്തി. പി.ടി.എ. പ്രസിഡന്റ് അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ.വി. മോഹന കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് അംഗം കെ.ജി. ധർമ്മരാജൻ, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.എ. ജെതിൻ, അക്കാദമിക് ഡയറക്ടർ ശോഭ മേനോൻ, വൈസ് പ്രിൻസിപ്പാൾ സ്റ്റെല്ല ഫ്രാൻസിസ്, സീനിയർ ഹെഡ്മിസ്ട്രസ് വസന്തകുമാരി, ഹെഡ്മിസ്ട്രസ് മഞ്ജുള രഘു പ്രദീപ്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

