കൊച്ചി : പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ പെൺകുട്ടി കേരളത്തിൽ തിരികെയെത്തി. രാത്രി എട്ടരയോടെയാണ് പെൺകുട്ടി കൊച്ചിയിലെത്തിയത്. വടക്കേക്കര പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
മൊഴി മാറ്റി പറയുന്ന വീഡിയോ പുറത്തുവന്നതോടെ പെൺകുട്ടിക്കായി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. യുവതിയുടെ മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ ഡൽഹിയിലാണെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പെൺകുട്ടി കൊച്ചിയിൽ വന്നിറങ്ങിയത്.
ജൂൺ ഏഴിന് വീട്ടിൽ നിന്നും ഓഫീസിലേക്ക് പോയ യുവതി അവിടെ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു. ശേഷം സ്വന്തം യൂട്യൂബ് ചാനലിലൂടെ വീഡിയോ പോസ്റ്റ് ചെയ്തു. ഭർത്താവിനെതിരായ ഗാർഹിക പീഡന പരാതി വ്യാജമാണെന്നും രാഹുലേട്ടൻ പാവമാണെന്നുമായിരുന്നു യുവതിയുടെ മൊഴി. ആരും ഭീഷണിപ്പെടുത്തിയിട്ടല്ല മൊഴി മാറ്റി പറയുന്നതെന്നും യുവതി പറഞ്ഞിരുന്നു.