ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്ക് വിരാമം കുറിച്ചുകൊണ്ട് പുതിയ ലുക്കിൽ കത്രീന കെയ്ഫ് മുംബൈ വിമാനത്താവളത്തിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് കത്രീനയും ഭർത്താവ് വിക്കി കൗശലും മുംബൈ വിമാനത്താവളത്തിലെത്തിയത്. കുടുംബത്തോടൊപ്പം ലണ്ടനിലാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് താരത്തെ മുംബൈ വിമാനത്താവളത്തിൽ കണ്ടത്.
കറുപ്പ് നിറത്തിലുള്ള അയഞ്ഞ ടോപ്പും പാന്റുമായിരുന്നു താരത്തിന്റെ വസ്ത്രം. മാദ്ധ്യമങ്ങളെ നോക്കി കൈ വീശി കാണിച്ചതിന് ശേഷമാണ് താരം വിമാനത്താവളത്തിൽ നിന്നും പോയത്. പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ താരം ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന ഒന്നും തന്നെയില്ല.
ലണ്ടനിലെ തെരുവുകളിലൂടെ വിക്കിയും കത്രീനയും കൈപിടിച്ച് നടക്കുന്ന വീഡിയോയാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചത്. കത്രീന ഗർഭിണിയാണെന്നും വിദേശത്താകും കുഞ്ഞിന് ജന്മം നൽകുന്നതെന്നും ഉൾപ്പെടെയുള്ള വാർത്തകളും പ്രചരിച്ചു. കത്രീനയുടെ നടത്തത്തിലും ധരിച്ചിരിക്കുന്ന വലിയ കോട്ടിന്റെ വ്യത്യാസവുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിടാൻ കാരണം. എന്നാൽ, മുംബൈയിൽ വന്നിറങ്ങിയ താരത്തിന്റെ ദൃശ്യങ്ങളിൽ ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന യാതൊന്നും തന്നെയുണ്ടായിരുന്നില്ല.
ആദ്യമായല്ല കത്രീനയുടെ ഗർഭധാരണം സംബന്ധിച്ച് ഊഹാപോഹങ്ങൾ ഉയരുന്നത്. ഈ വർഷം ആദ്യം ജാംനഗറിൽ നടന്ന അനന്ത് അംബാനിയുടേയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ചടങ്ങില്‍ നിന്നുള്ള ഫോട്ടോകൾക്ക് പിന്നാലെയും താരം ഗർഭിണിയാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.