കണ്ണൂർ: യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഇടത് വിരുദ്ധ നവമാദ്ധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട തന്റെ പ്രതികരണത്തെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു.
പോരാളി ഷാജിയെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി അക്കൗണ്ടുകളുണ്ട്. ഇടത് അനുകൂലിയാണെങ്കിൽ പോരാളി ഷാജിയുടെ അഡ്മിൻ ഐഡന്റിറ്റി വെളിപ്പെടുത്തണം. പോരാളി ഷാജി ആരാണെന്നറിയില്ല. യഥാർത്ഥ അഡ്മിൻ വ്യാജൻമാരെ തുറന്നു കാട്ടാൻ തയ്യാറാകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
വ്യാജ പ്രൊഫൈലുകളിലുള്ള വ്യക്തികൾ ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി പാർട്ടിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇത്തരം പ്രൊഫൈലുകൾ നടത്തുന്ന നീക്കങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായത് സോഷ്യൽ മീഡിയ പേജുകളുടെ തെറ്റായ രീതിയാണെന്ന് ജയരാജൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിനെതിരെ ഇടത് സൈബർ സംഘങ്ങളും പോരാളി ഷാജിയും മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് വിശദീകരണത്തിനായി ജയരാജൻ ഇന്ന് വാർത്താസമ്മേളനം നടത്തിയത്.