പത്തനംതിട്ട: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി ഉയർന്നു. ജീവിതം കെട്ടിപ്പെടുക്കാനായി പ്രവാസ ജീവിതം തിരഞ്ഞെടുത്തവരാണ് ഇവരെല്ലാവരും. മരണപ്പെട്ട പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ വീടിന്റെ താങ്ങും തണലുമായിരുന്നു.
31 കാരനായ ആകാശിന്റെ അച്ഛൻ ചെറുപ്പത്തിൽ മരണപ്പെട്ടിരുന്നു. അച്ഛന്റെ വിയോഗത്തെ തുടർന്ന് അമ്മയുടെ പരിചരണത്തിലായിരുന്നു വളർന്നതെങ്കിലും കുടുംബത്തിന് ആശ്വാസമേകാൻ ഗൾഫിലേക്ക് പോകുകയായിരുന്നു. ബുധനാഴ്ച രാത്രിയും മകൻ ഫോണിൽ ബന്ധപ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കവെ ആയിരുന്നു ടെലിവിഷനിലൂടെ കുവൈത്തിലെ ദുരന്തവാർത്തയും തുടർന്ന് മകന്റെ മരണവാർത്തയും കുടുംബത്തിലെത്തിയത്.
എട്ടുവർഷമായി വിദേശത്ത് ജോലിനോക്കുന്ന ആകാശ് അഗ്നിബാധയുണ്ടായ കമ്പനിയുടെ സ്റ്റോർ ഇൻ ചാർജായാണ് ജോലി ചെയ്തിരുന്നത്. രണ്ടു വർഷം മുമ്പായിരുന്നു ആകാശ് അവസാനമായി നാട്ടിലെത്തിയത്. ഓണത്തിന് നാട്ടിലെത്താൻ ഇരിക്കെയായിരുന്നു ആകാശിന്റെ വിയോഗം.
ആറുനില കെട്ടിടത്തിലെ നാലാംനിലയിലെ താമസക്കാരനായിരുന്നു ആകാശ്. രാവിലെ മുതൽ ആകാശിനെഫോണിൽ വിളിച്ചിരുന്നെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് ഒരുപാട് തിരച്ചിലിനുശേഷമാണ് ആകാശ് മരിച്ച വിവരം അറിയുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.