കിൻഷാസ : ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ബോട്ട് നദിയിൽ മറിഞ്ഞ് 86 പേർ മുങ്ങിമരിച്ചു. കോംഗോയിലെ മായ്-നിഡോംബെ പ്രവിശ്യയിലൂടെ ഒഴുകുന്ന കോംഗോ നദിയുടെ പോഷക നദികളിലൊന്നായ ക്വാ നദിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
മുഷിയിൽ നിന്ന് തലസ്ഥാനമായ കിൻഷാസയിലേക്ക് പോവുകയായിരുന്ന ബോട്ട് ലെറ്റിബ ഗ്രാമത്തിന് സമീപം എത്തിയപ്പോൾ മുങ്ങുകയായിരുന്നെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. അപകട വിവരമറിഞ്ഞെത്തിയ രക്ഷാസംഘം നദിയിൽ മുങ്ങിത്താഴ്ന്നവരെ കരയ്ക്കെത്തിച്ചു. അപ്പോഴേക്കും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മരിച്ച 86 പേരിൽ 21 പേരും കുട്ടികളാണ്.
ഇതുവരെ 185 ഓളം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം ബോട്ടിൽ എത്രപേരാണ് യാത്രചെയ്തിരുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല.