തിരുവനന്തപുരം: കേരള സർവകലാശാല ക്യാംപസിലെ യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജിൽ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്ത പരിപാടി നടത്തുന്നത് തടഞ്ഞു. അനുമതി വാങ്ങാത്തതിനാലാണ് കേരള സർവകലാശാല വൈസ് ചാൻസിലർ പരിപാടി തടഞ്ഞത്. വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദേശവും രജിസ്ട്രാർക്ക് നൽകി.
ജൂലൈ 5-നാണ് കേരള സർവകലാശാല ക്യാംപസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ തീരുമാനിച്ചത്. സർവകലാശാലയുടെ അനുമതി വാങ്ങാതെയായിരുന്നു കോളജ് യൂണിയൻ പരിപാടി നടത്താൻ തീരുമാനിച്ചത്.
തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചിരുന്നു. ഇതോടെ, പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാംപസുകളിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ഈ ഉത്തരവ് നിലനിൽക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ എൻജിനീയറിംഗ് കോളേജിലെ യൂണിയൻ തീരുമാനിച്ചത്.