തെന്നിന്ത്യൻ നടിയും ഗായികയുമായ മംമ്ത മോഹൻദാസ് ഇപ്പോൾ അന്യഭാഷ ചിത്രങ്ങളുടെ തെരക്കിലാണ്. വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ച മഹാരാജയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി വിവിധ അഭിമുഖങ്ങൾ നൽകുന്നുമുണ്ട്. ഇങ്ങനെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 ൽ പുറത്തിറങ്ങിയ എനിമി എന്ന ചിത്രത്തിന് ശേഷം മംമ്ത അഭിനയിക്കുന്ന തമിഴ് ചിത്രമാണ് മഹാരാജ.
താൻ ഒരാളുമായി ഡേറ്റിംഗിലാണെന്നും അത് നല്ല രീതിയിൽ പോകുന്നുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. വിവാഹം എപ്പോഴും പരിഗണനയിലുണ്ട്. ജീവിതം എന്തോക്കെയാണ് കരുതിവച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നും നോക്കാമെന്നും അവർ പറഞ്ഞു. വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാെന്നും അവർ പങ്കുവചച്ചില്ല.
നേരത്തെ ലോസ്ഏഞ്ചൽസിൽ വച്ച് ഒരാളെ കണ്ടുമുട്ടി, പ്രണയത്തിലുമായിരുന്നു. അതൊരു ലോംഗ് ഡിസ്റ്റൻസ് റിലേഷനായിരുന്നു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് പരാജയപ്പെട്ടു. എന്നെ സംബന്ധിച്ച് ബന്ധങ്ങൾ പ്രധാനമാണെങ്കിലും അതിൽ നിന്ന് അധിക സമ്മർദ്ദങ്ങളുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പലവട്ടം അവസരങ്ങൾ നൽകിയിട്ടും അതിൽ മാറ്റമില്ലെങ്കിൽ അത് ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല—മംമ്ത പറഞ്ഞു.
ആഗോള തലത്തിൽ മലയാള സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരം ഏറെ സന്തോഷം നൽകുന്നുവെന്നും പങ്കജ് ത്രിപാഠിയും ഗൗരി ഖാനും അടക്കമുള്ളവർ മലയാള സിനിമയെ അകമഴിഞ്ഞ് പ്രശംസിച്ചുവെന്നും അവർ പറഞ്ഞു. അഭിനേയത്രി എന്ന നിലയിൽ മലയാളി പ്രേക്ഷകർ നൽകുന്ന അംഗീകാരം നിങ്ങൾ ഒരു നല്ല അഭിനേതാവാണെന്ന തോന്നലുണ്ടാക്കുമെന്നും മോളിവുഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്നും മംമ്ത പറഞ്ഞു.