എറണാകുളം : വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം. കൊച്ചിയിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ഓട്ടോയിൽ കയറിയ യാത്രക്കാരാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. കുഴുപ്പിള്ളി സ്വദേശിനി ജയയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജയ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം അക്രമികൾ ജയയെ ബീച്ചിൽ ഉപേക്ഷിച്ചു.
പ്രതികൾ ജയയുടെ മൊബൈൽ ഫോണും തട്ടിയെടുത്തു. ജയയുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. നട്ടെല്ലെിനും ശ്വാസകോശത്തിനും ക്ഷതമേറ്റതായി പൊലീസ് പറഞ്ഞു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ജയ. ഇവിടെ ബസ് ഇറങ്ങിയ ആളാണ് സമീപത്തെ ആശുപത്രിയിലേക്ക് എന്നാവശ്യപ്പെട്ട് ഓട്ടോ വിളിച്ചത്. അപകടത്തിൽപ്പെട്ട ബന്ധു ചികിത്സയിലാണെന്നാണ് പ്രതി ജയയോട് പറഞ്ഞിരുന്നത്.
പിന്നീട് ഓട്ടോ ആശുപത്രിയിലെത്തിയപ്പോൾ കളമശേരിയിലേക്ക് കൊണ്ടുപോയെന്നും അവിടേക്ക് പോകണമെന്നും പ്രതി പറഞ്ഞു. ഇതിനിടയിലാണ് രണ്ട് പേർ കൂടി ഓട്ടോയിൽ കയറിയത്. കളമശേരിയിൽ നിന്ന് തിരിച്ചപ്പോഴാണ് പ്രതികൾ ജയയെ ആക്രമിച്ചത്. തുടർന്ന് ബീച്ചിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ പ്രതികൾ കടന്നുകളഞ്ഞു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ജയയെ ആശുപത്രിയിലെത്തിച്ചത്.