റായ്ബറേലി : വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ ബിജെപി പരാജയം ഏറ്റുവാങ്ങുമായിരുന്നുവെന്ന് അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ. മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാരാണസിയിൽ കോൺഗ്രസ് ജയിക്കുമായിരുന്നുവെന്നും പ്രിയങ്കയെ പുകഴ്‌ത്തി രാഹുൽ പറഞ്ഞു.
ബിജെപിക്ക് അയോദ്ധ്യ നഷ്ടപ്പെട്ടു, അയോദ്ധ്യ മാത്രമല്ല, വാരണാസയിൽ തന്റെ സഹോദരി മത്സരിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാനമന്ത്രി 2-3 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോറ്റുപോകുമായിരുന്നു. ഇത് അഹങ്കാരം കൊണ്ട് പറയുകയല്ല, രാജ്യത്തെ ജനങ്ങൾ നൽകിയ സന്ദേശമാണിത്. ബിജെപിയുടെ രാഷ്‌ട്രീയത്തിനെതിരെയാണ് ഇന്ത്യയിലെ ജനങ്ങളെന്നും രാഹുൽ അവകാശപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ എല്ലാ നേതാക്കളോടും പ്രവർത്തകരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസിനൊപ്പം നിന്ന ജനങ്ങൾക്ക് നന്ദിയുണ്ടെന്നും രാഹുൽ പറഞ്ഞു.
റായ്ബറേലിയിൽ നടന്ന പൊതുസമ്മേളനത്തിനിടെയായിരുന്നു രാഹുലിന്റെ വാക്കുകൾ. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് വാരാണസി മണ്ഡലം. കഴിഞ്ഞ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിച്ച ലോക്സഭാ സീറ്റ് കൂടിയാണിത്.