കൊച്ചി∙ തൃശൂരിൽനിന്നു വിജയിച്ച എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഡൽഹിക്ക് യാത്ര തിരിച്ചു. നെടുമ്പാശ്ശരി വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹം ഡൽഹിക്ക് പോയത്. വിജയിച്ച എംപിമാരുടെയും പാർട്ടി സംസ്ഥാന അധ്യക്ഷരുടെയും യോഗത്തിൽ പങ്കെടുക്കാനാണ് യാത്ര. കേന്ദ്രമന്ത്രി പദം ലഭിച്ചേക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് സുരേഷ് ഗോപിയുടെ യാത്രയെന്നതും പ്രസക്തമാണ്. കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയിൽ തന്റെ ഡൽഹിയിലേക്കുള്ള യാത്ര ഏറെ പ്രസക്തമാണെന്നും അഭിമാനമുള്ള യാത്രയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
‘‘ ബിജെപിയുടെയും എൻഡിഎയുടെയും ഭരണത്തിന്റെ തിളക്കം ലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്നതാണ്. അതിൽ അവർക്ക് ഇതുവരെ കൂടെക്കൂട്ടാൻ സാധിക്കാതിരുന്ന ഒരു പ്രദേശം വന്നു ചേര്‍ന്നു എന്നതു കൊണ്ടാണ് കേരളത്തിന്റെ കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞത്’’ എന്നും ഒരു ചോദ്യത്തിനു മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.
‘‘അത് വന്നു ചേർന്നതു തന്നെയാണ്, അല്ലാതെ ഇത് ബിജെപിക്കുള്ള വോട്ട് എന്നു പറഞ്ഞു നൽകിയതാണ് തുടങ്ങിയ അവകാശവാദങ്ങളൊന്നും ഞാൻ നടത്തില്ല. എന്റെ പ്രവർത്തകരുടെ ശക്തമായ അധ്വാനം ഉണ്ടായിട്ടുണ്ട്. ബൈബിളിൽ പറയുന്നതു പോലെ, ചവിട്ടിത്താഴ്ത്തപ്പെടുമ്പോൾ നീ നാഥനെ കെട്ടിപ്പിടിക്കുന്നവനാണെങ്കിൽ അവൻ നിനക്കു വേണ്ടി പോരാളികളായ പടയാളികളെ വിട്ടുതരും. തൃശൂരിലെ യഥാർഥ മതേതരവാദികളായ പടയാളികൾ എന്നെ അനുഗ്രഹിച്ചു, അങ്ങനെയാണ് താൻ വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ വിജയശിൽപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ ജയിച്ചത് സിനിമാ താരമായതുകൊണ്ടാണെന്ന ചെന്നിത്തലയുടെ ആരോപണത്തിനുള്ള മറുപടി തന്റെ കയ്യിലുണ്ടെന്നും, ഇപ്പോൾ പറയുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്രമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മന്ത്രിസ്ഥാനം ചങ്ങലയാണെന്നും ഒന്നോ രണ്ടോ വകുപ്പുകളിൽ ഒതുങ്ങിപ്പോയാൽ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാനാകാതെ വരുമെന്നും, കേരളത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
