ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂളൊരുക്കിയതിന് പിന്നാലെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തിരിക്കുന്നത്.
യൂട്യൂബർ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നതെയിരുന്നു വീഡിയോ. അപകടകരമായ വിധത്തിൽ പൊതു നിരത്തിലൂടെയാണ് ഈ പൂൾ കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിംഗ് പൂൾ നിർമിച്ചത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയത്. ദേശീയപ്പാതയിൽ ഉൾപ്പെടെയാണ് അമ്പാൻ സ്റ്റൈലിൽ വാഹനമോടിച്ചത്.
ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ രമണൻ പറഞ്ഞു. വാഹനം പിടിച്ചെടുത്തതിന് പിന്നാലെ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ കുളിച്ചു, യാത്ര ചെയ്തു, കാര് സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു, വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം.
കാറിലെ പൂളിനുള്ളിലെ മർദ്ദം കൊണ്ട് വാഹനത്തിന്റെ എയർ ബാഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തത് വീഡിയോയിൽ വ്യക്തമായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് സഞ്ജു ‘ടെക്കി വ്ളോഗ്സ്’ എന്ന യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചത്.
യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വീഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വീഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കിയുടെ വിശദീകരണം. ആവേശം സിനിമയിലെ അംബാൻ ലോറിയ്ക്ക് പിന്നിൽ ഒരുക്കിയ സ്വിമ്മിംഗ് പൂളിന്റെ മാതൃകയിലാണ് സഞ്ജുവും കാറിനുള്ളിൽ പൂളൊരുക്കിയതും എട്ടിന്റെ പണി കിട്ടിയതും.