അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വായനശാലയെ അറിവിന്റെ കേന്ദ്രമാക്കി മാറ്റണം; ദേവസ്വം അധികാരികൾ കണ്ണുതുറക്കണമെന്ന് ഗാന്ധി ദർശനവേദി
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള വായനശാലയുടെയും മതഗ്രന്ഥശാലയുടെയും നിലവിലെ ദയനീയാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് ഗാന്ധി ദർശനവേദി ഗുരുവായൂർ യൂണിറ്റ്. വായനശാലയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചെങ്കിലും പണി പൂർത്തിയാക്കാതെ നിർത്തിവെച്ചതും, വായനയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായതും അടിയന്തരമായി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.വായനശാലയുടെ ദുരവസ്ഥ സംബന്ധിച്ച് നിരന്തരം പരാതികളും നിർദേശങ്ങളും ഉയർന്നതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. എന്നാൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കുറെ ദിവസങ്ങളോളം വായനക്കാർക്ക് വായനയ്ക്കുള്ള സൗകര്യം പോലും ലഭ്യമല്ലാത്ത സാഹചര്യമുണ്ടായി. ഇപ്പോൾ അറ്റകുറ്റപ്പണികൾ പൂർണ്ണമായി പൂർത്തിയാക്കാതെ വായനശാല വീണ്ടും തുറന്നുകൊടുത്തിരിക്കുകയാണ്.
പണി നിർത്തിയതോടെ അവശിഷ്ടങ്ങൾ കുന്നുകൂടുന്നു
വായനശാലയിലെ വായനാ ഹാളിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളുടെ അവശിഷ്ടങ്ങളും മറ്റു വേസ്റ്റുകളും കുന്നുകൂടിയ നിലയിലാണെന്നാണ് ഗാന്ധി ദർശനവേദി ചൂണ്ടിക്കാട്ടുന്നത്. വായനയ്ക്കും ഇരിപ്പിനും അനുയോജ്യമായ അന്തരീക്ഷം ഇതുമൂലം ഇല്ലാതായിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ ഇനി എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. പണി നിർത്തിവെക്കുകയാണെന്ന തരത്തിലുള്ള വിവരങ്ങളും ഉയരുന്ന സാഹചര്യത്തിൽ ദേവസ്വം അധികൃതർ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.അറ്റകുറ്റപ്പണികൾ ആരംഭിച്ചെങ്കിലും വായനശാലയുടെ മുറിയുടെ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും യോഗം വിലയിരുത്തി. വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനൊപ്പം വായനക്കാർക്ക് സൗകര്യപ്രദമായി ഇരുന്ന് വായിക്കാനുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.
വായനശാലയുടെ ഉപയോഗവും വായനക്കാരുടെ ബുദ്ധിമുട്ടും
നേരത്തെ ദേവസ്വവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള മത്സരങ്ങൾ, മറ്റ് പരിപാടികൾ, ഭക്ഷണവിതരണം തുടങ്ങിയ ആവശ്യങ്ങൾക്കായി വായനശാല സ്ഥിരമായി ഉപയോഗിച്ചിരുന്ന സാഹചര്യത്തിൽ സാധാരണ വായനക്കാർക്ക് സ്വസ്ഥമായി വായിക്കാൻ കഴിയാത്ത അവസ്ഥ പലപ്പോഴും ഉണ്ടായിരുന്നുവെന്നും ഗാന്ധി ദർശനവേദി ചൂണ്ടിക്കാട്ടി.നിലവിൽ വായനയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തന്നെ പരിമിതമാണ്. വായനശാലയെന്ന പ്രതീതി പോലും നൽകാത്ത തരത്തിലുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു. വായനക്കാർക്ക് ശാന്തമായ അന്തരീക്ഷത്തിൽ പത്രങ്ങളും മാസികകളും പുസ്തകങ്ങളും വായിക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് അനിവാര്യമാണെന്നും യോഗം വ്യക്തമാക്കി.
വലിയ മതഗ്രന്ഥശേഖരം സംരക്ഷിക്കണം
ഗുരുവായൂർ ദേവസ്വത്തിന്റെ വായനശാലയ്ക്ക് പ്രത്യേകമായ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. മതഗ്രന്ഥങ്ങളുടെ വലിയ ശേഖരത്തിനൊപ്പം വിജ്ഞാനം പകരുന്ന പുസ്തകങ്ങളും ചരിത്രഗാഥകളും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാണ്.പത്രങ്ങളുടെയും മാസികകളുടെയും നിത്യവായനയ്ക്കായി ഗുരുവായൂരിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായും ഈ വായനശാല നിലകൊണ്ടിട്ടുണ്ട്. അതിനാൽ നിലവിലെ അവസ്ഥയിൽ നിന്ന് വായനശാലയെ മോചിപ്പിച്ച് അറിവിന്റെയും വായനയുടെയും സാംസ്കാരിക ഇടപെടലുകളുടെയും സജീവ കേന്ദ്രമായി നിലനിർത്താൻ ദേവസ്വം നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.വായനശാലയുടെ പ്രാധാന്യം ഉൾക്കൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി, വൃത്തിയും ശുചിത്വവും ഉറപ്പാക്കി, വായനയ്ക്കും മറ്റ് ആവശ്യങ്ങൾക്കും പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കി വായനക്കാർക്ക് സൗകര്യപ്രദമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
“പണി തീരാത്ത വായനശാലയും, വായനക്കാരെ പടിയിറക്കുന്ന സാഹചര്യവും അവസാനിപ്പിക്കണം. അമാന്തം വെടിഞ്ഞ് ദേവസ്വം അധികൃതർ അടിയന്തരമായി ഇടപെടണം” എന്ന നിലപാടാണ് യോഗം മുന്നോട്ടുവച്ചത്.
ഗാന്ധി ദർശനവേദി ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജയരാജ് ഗുരുവായൂർ, രേണുക എം. മേനോൻ, ടി. ചന്ദ്രശേഖരൻ, പി.കെ. സുധീർ, പി. ശ്രീനാരായണൻ, വി. മുരളി, പി.കെ.വി. രാജ്, ടി.ഡി. സത്യദേവൻ എന്നിവർ സംസാരിച്ചു.
