1973 സെപ്റ്റംബർ 10-ന് 22 ആനകൾ അണിനിരന്ന ഗജഘോഷയാത്ര — സേവനസുവർണ്ണജൂബിലിയിൽ ഗുരുവായൂർ ആഘോഷിച്ചത് സ്വന്തം ഗജവീരന്റെ മഹത്വം
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായങ്ങളിലൊന്നിന് 53 വർഷം പൂർത്തിയാകുന്നു. ഗുരുവായൂരപ്പന്റെ പ്രിയഗജവീരനായ ഗുരുവായൂർ കേശവന് ‘ഗജരാജൻ’ ബഹുമതി സമ്മാനിച്ച ചരിത്രദിനമായ 1973 സെപ്റ്റംബർ 10-ന് 2026 സെപ്റ്റംബർ 10-ന് 53 വർഷം തികയും. ഒരു ആനയുടെ ദീർഘകാല ക്ഷേത്രസേവനത്തെ ആദരിച്ച് സേവനസുവർണ്ണജൂബിലി ആഘോഷിക്കുകയും ‘ഗജരാജൻ’ ബഹുമതി നൽകുകയും ചെയ്ത അപൂർവ ചരിത്രസംഭവത്തിന് സാക്ഷിയായത് ഗുരുവായൂരാണ്.1973 സെപ്റ്റംബർ 10-ന് ഗുരുവായൂരിൽ നടന്നത് സാധാരണൊരു ആഘോഷമായിരുന്നില്ല. നാടും നഗരവും ഒരുമിച്ച് ഏറ്റെടുത്ത ഒരു മഹാസ്മരണാഘോഷമായിരുന്നു അത്. ഭക്തജനങ്ങളും പൗരാവലിയും ആനപ്രേമികളും ദേവസ്വവും കൈകോർത്തപ്പോൾ ഗുരുവായൂർ നഗരം അന്ന് ഉത്സവലഹരിയിലായി.
22 ആനകൾ അണിനിരന്ന ഗജഘോഷയാത്ര
സേവനസുവർണ്ണജൂബിലിയുടെ ഭാഗമായി ഉച്ചയ്ക്ക് ഒന്നിന് നടന്ന ഗജഘോഷയാത്രയായിരുന്നു ആഘോഷത്തിന്റെ പ്രധാന ആകർഷണം. ഗുരുവായൂർ ദേവസ്വത്തിലെ ഗജവീരന്മാർക്കൊപ്പം പുറത്തുനിന്നെത്തിയ പ്രമുഖ ആനകളുമുൾപ്പെടെ 22 ആനകൾ ഘോഷയാത്രയിൽ അണിനിരന്നു.ആടയാഭരണങ്ങളണിഞ്ഞും പട്ടുതുണിയിൽ ഒരുക്കിയ വലിയ മേലങ്കിയണിഞ്ഞും ശിരസ്സുയർത്തി മുന്നിൽ നടന്നത് ഗുരുവായൂർ കേശവൻ തന്നെയായിരുന്നു. നാദസ്വരവും പഞ്ചവാദ്യവും അകമ്പടിയായ ഘോഷയാത്ര ഗുരുവായൂരിന്റെ വീഥികളെ ഉത്സവഭരിതമാക്കി.കിഴക്കെ നടയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര മഞ്ജുളാൽ ചുറ്റി, പാർത്ഥസാരഥി ക്ഷേത്രം വലംവെച്ച്, തെക്കെ നടയിലൂടെ സാമൂതിരിക്കോവിലകത്തിന് മുന്നിലൂടെ നീങ്ങി പടിഞ്ഞാറെ നടയിലെത്തി. തുടർന്ന് രുദ്രതീർഥം വലംവെച്ച് വീണ്ടും കിഴക്കെ ഗോപുരസന്നിധിയിലേക്ക് തിരിച്ചെത്തി
ശങ്കരപുരം അപ്പുമാരാരുടെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം. കുരുത്തോലകളും വാഴക്കുലകളും കൊടിതോരണങ്ങളും കൊണ്ട് ഗുരുവായൂർ ദേശം അലങ്കരിച്ചിരുന്നു. വഴിയിലുടനീളം വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിലവിളക്കും നിറപറയും ഒരുക്കി ഭക്തജനങ്ങൾ കേശവനെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു.ഗുരുവായൂർ മഹിളാസമാജവും തിരുവെങ്കിടം മഹിളാസമാജവും അംഗങ്ങൾ താലമേന്തി ഘോഷയാത്രയെ അനുഗമിച്ചു. നാരായണനാമജപങ്ങൾക്കിടയിൽ ആഞ്ഞം മാധവൻ നമ്പൂതിരി കേശവന് വലിയ ഹാരമണിയിച്ച് പ്രത്യേക കർപ്പൂരാരതി നടത്തി.
120 ലിറ്റർ അരിയും ശർക്കരയും; കേശവനൊപ്പം ഗജവീരന്മാർക്കും പായസം
ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂരപ്പന് പ്രത്യേക ശർക്കരപ്പായസം നിവേദിച്ചു. 120 ലിറ്റർ അരിയും 120 കിലോ ശർക്കരയും 100 നാളികേരവും ഉപയോഗിച്ചാണ് തിടപ്പള്ളിയിൽ കീഴ്ശാന്തി നമ്പൂതിരിമാർ പായസം തയ്യാറാക്കിയത്. പന്തീരടി പൂജയ്ക്ക് പായസം ഗുരുവായൂരപ്പന് നിവേദിച്ചു.ഘോഷയാത്രയിൽ പങ്കെടുത്ത ഗജവീരന്മാർക്കും ഈ പ്രസാദം നൽകി. കൊട്ടത്തേങ്ങയും ശർക്കരയും ചേർത്ത് കേശവന് വായിൽ നൽകാൻ ഭക്തജനങ്ങൾ മത്സരിച്ചതും അന്നത്തെ ആഘോഷത്തിന്റെ ഭക്തിനിർഭരമായ കാഴ്ചകളിലൊന്നായിരുന്നു.
‘ഗജരാജൻ’ ഫലകം കഴുത്തിലണിഞ്ഞ ചരിത്രനിമിഷം
ആഘോഷത്തിന്റെ ഏറ്റവും വികാരനിർഭരമായ നിമിഷം ക്ഷേത്രഗോപുരനടയിൽ അരങ്ങേറിയ ആദരച്ചടങ്ങായിരുന്നു.അന്നത്തെ ക്ഷേത്രം ഊരാളനും ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്ന മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് സ്വർണ്ണലിപികളിൽ രേഖപ്പെടുത്തിയ ‘ഗജരാജൻ’ ഫലകം കേശവന്റെ കഴുത്തിൽ അണിയിച്ചു.ഭക്തജനങ്ങളുടെ നാമസങ്കീർത്തനങ്ങൾക്കിടയിൽ നടന്ന ഈ ചടങ്ങ് ഗുരുവായൂർ ചരിത്രത്തിലെ അപൂർവമായൊരു നിമിഷമായി മാറി. തുടർന്ന് ഉച്ചയ്ക്കുശേഷം നടന്ന കാഴ്ചശീവേലിയിൽ അഞ്ച് ആനകൾ പങ്കെടുത്തു. ഗുരുവായൂരപ്പനെ ശിരസ്സിലേറ്റി ഗജരാജപട്ടം അണിഞ്ഞ കേശവൻ വീണ്ടും ക്ഷേത്രസന്നിധിയിൽ തന്റെ പ്രൗഢി തെളിയിച്ചു.
കുസൃതിക്കുട്ടിയിൽ നിന്ന് ഗുരുവായൂരിന്റെ ഗജസമ്രാട്ടിലേക്ക്
കേശവന്റെ ജീവിതകഥയും അത്രതന്നെ കൗതുകകരമാണ്. നിലമ്പൂരിലെ വനാന്തരങ്ങളിൽനിന്ന് നിലമ്പൂർ കോവിലകത്തെത്തിയ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. പിന്നീട് കോവിലകം രാജകുടുംബത്തിന്റെ പ്രാർത്ഥനയുടെ ഫലമായി ഗുരുവായൂരപ്പന് നടയിരുത്തപ്പെട്ടു.1922 ജനുവരി 6-ന് ഗുരുവായൂർ ക്ഷേത്രത്തിലെ ഗജസമ്പത്തിലേക്ക് കേശവൻ എത്തിയെന്നാണ് ചരിത്രരേഖകളിൽ പറയപ്പെടുന്നത്. കൊടിമരത്തറയിൽ വെള്ളയും കരിമ്പടവും വിരിച്ച് ഭദ്രദീപം തെളിയിച്ച് തീർഥവും കളഭവും ചാർത്തിയായിരുന്നു ആനക്കുട്ടിയെ ഗുരുവായൂരപ്പന് സമർപ്പിച്ചത്. ക്ഷേത്രത്തിലെ മേൽശാന്തിയാണ് ‘കേശവൻ’ എന്ന പേര് വിളിച്ചത്.കാലം കടന്നപ്പോൾ ആ കുസൃതിക്കുട്ടി വളർന്ന് ഗുരുവായൂരിന്റെ ഗജസമ്രാട്ടായി മാറി.ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പും സ്വർണ്ണക്കോലവും ശിരസ്സിലേറ്റി നിരവധി ശീവേലികൾക്കും എഴുന്നള്ളിപ്പുകൾക്കും കേശവൻ പ്രധാനിയായി. ഗുരുവായൂർ ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി തുടങ്ങിയ പ്രധാന ആഘോഷങ്ങളിലെല്ലാം കേശവന്റെ സാന്നിധ്യം ഭക്തജനങ്ങൾക്ക് പ്രത്യേക ആവേശമായിരുന്നു.ഇടത്തരികത്ത് കാവ് ഭഗവതിയെയും ശിരസ്സിലേറ്റിയ കേശവൻ അമ്മയുടെ അനുഗ്രഹവും ഏറ്റുവാങ്ങി.
കേരളത്തിന്റെ ഉത്സവവീഥികളിലെ നിറസാന്നിധ്യം
ഗുരുവായൂർ ക്ഷേത്രപരിധിയിൽ മാത്രം ഒതുങ്ങിയില്ല കേശവന്റെ പ്രശസ്തി. തൃശൂർ പൂരം, ഇരിങ്ങാലക്കുട ഉത്സവം, നെന്മാറ-വല്ലങ്ങി വേല, പുതുക്കോട് നവരാത്രി ഉത്സവം, തൃപ്രയാർ ഏകാദശി തുടങ്ങി കേരളത്തിലെ നിരവധി പ്രധാന ആഘോഷങ്ങളിലും കേശവൻ സാന്നിധ്യമറിയിച്ചു.വാടാനപ്പള്ളി ക്ഷേത്രോത്സവം മുതൽ കുന്നംകുളം പള്ളിയിലെ നേർച്ച എഴുന്നള്ളിപ്പ് വരെ വ്യത്യസ്ത മത-സാംസ്കാരിക ആഘോഷങ്ങളിലും കേശവൻ തന്റെ ഗജപ്രൗഢിയോടെ പങ്കെടുത്തു.ഗാംഭീര്യവും ശാന്തതയും ഒരുപോലെ പ്രകടിപ്പിച്ച കേശവൻ എവിടെയെത്തിയാലും പ്രധാന ആനയായി മാറുകയായിരുന്നു. അങ്ങനെ കേരളത്തിന്റെ ഉത്സവവേദികളിൽനിന്ന് ലോകപ്രശസ്തിയിലേക്കുള്ള കേശവന്റെ യാത്ര ആരംഭിച്ചു.
‘ഭ്രാന്തൻ കേശവൻ’ എന്ന അപഖ്യാതിയിൽ നിന്ന് ഭക്തരുടെ പ്രിയഗജവീരനിലേക്ക്
കേശവന്റെ ജീവിതത്തിൽ കുസൃതികളും വികൃതികളും നിറഞ്ഞ കാലവും ഉണ്ടായിരുന്നു. ചില ഘട്ടങ്ങളിൽ ‘ഭ്രാന്തൻ കേശവൻ’ എന്നുപോലും വിളിക്കപ്പെട്ടിരുന്നു. വികൃതികൾ മാറ്റുന്നതിനായി ജ്യോത്സ്യനെ കണ്ട് പ്രശ്നംവെപ്പിക്കുകയും കഴുത്തിൽ യന്ത്രം കെട്ടിത്തൂക്കുകയും ചെയ്തിരുന്നുവെന്ന ഓർമകളും കേശവന്റെ ജീവിതകഥയിലുണ്ട്.കോപം വന്നാൽ സാമൂതിരി കോവിലകം പറമ്പിലെ തെങ്ങുകൾ കുത്തിമറിക്കുന്ന സ്വഭാവമുണ്ടായിരുന്നെങ്കിലും മനുഷ്യജീവന് അപായം വരാതിരിക്കാൻ കേശവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നാണ് പഴയ തലമുറയുടെ ഓർമകൾ.എവിടെനിന്നെങ്കിലും ഇടഞ്ഞോടിയാലും ലക്ഷ്യം ഗുരുവായൂരായിരുന്നുവെന്നതാണ് കേശവന്റെ മറ്റൊരു പ്രത്യേകത. ഗുരുവായൂരപ്പന്റെ സന്നിധിയിലേക്കുള്ള ആ സ്വാഭാവികമായ ആകർഷണം ഭക്തജനങ്ങളുടെ മനസ്സിൽ കേശവനോടുള്ള സ്നേഹം കൂടുതൽ ആഴത്തിലാക്കി.
പൗരാവലിയുടെ തീരുമാനത്തിൽ പിറന്ന ചരിത്രാഘോഷം
1973-ൽ കേശവന്റെ സേവനസുവർണ്ണജൂബിലി ആഘോഷിക്കണമെന്ന ആശയം ഉയർന്നപ്പോൾ അത് ആദ്യം പലർക്കും അത്ഭുതമായിരുന്നു. ഒരു ആനയുടെ സേവനസുവർണ്ണജൂബിലി ആഘോഷമോ എന്നായിരുന്നു പലരുടെയും ചോദ്യം.എന്നാൽ കേശവനോടുള്ള ഗുരുവായൂരപ്പന്റെ ഭക്തിയും നാട്ടുകാരുടെ സ്നേഹവും ആനപ്രേമികളുടെ ആവേശവും ചേർന്നപ്പോൾ തീരുമാനം ഉറപ്പായി.ഗുരുവായൂർ ദേവസ്വത്തിന്റെ അനുമതിയോടെ പൗരപ്രമുഖനായ ജി.ജി. കൃഷ്ണയ്യർ പ്രസിഡന്റായും എ. വേണുഗോപാലൻ കാര്യദർശിയായും ‘ഗുരുവായൂർ കേശവൻ സേവനസുവർണ്ണജൂബിലി ആഘോഷ കമ്മിറ്റി’ രൂപീകരിച്ചു.ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളോ ഡിജിറ്റൽ പ്രചാരണ സംവിധാനങ്ങളോ ഒന്നുമില്ലാത്ത കാലം. എന്നിട്ടും കേശവന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടീസുകളും വാൾപോസ്റ്ററുകളും ഗുരുവായൂരിലെങ്ങും നിറഞ്ഞു. പത്രങ്ങളിലൂടെ വാർത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി.ഗുരുവായൂരിലെ വീഥികൾ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ കേശവന് അഭിവാദ്യമർപ്പിക്കുന്ന കവാടങ്ങളും ബാനറുകളും കൊണ്ട് അലങ്കരിക്കപ്പെട്ടു.
53 വർഷങ്ങൾക്കിപ്പുറവും മായാത്ത കേശവസ്മരണം
ഗുരുവായൂർ കേശവൻ ഓർമ്മയായിട്ട് അഞ്ച് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സ്മരണം ഇന്നും ഭക്തഹൃദയങ്ങളിൽ സജീവമാണ്.‘അഭിനവ ഗജേന്ദ്രമോക്ഷം’ എന്ന സിനിമയിലൂടെയും കേശവന്റെ ഗജരാജപ്രതിമയിലൂടെയും വർഷംതോറും നടക്കുന്ന അനുസ്മരണ പരിപാടികളിലൂടെയും കേശവന്റെ ജീവിതം പുതിയ തലമുറകളിലേക്കും പകരുന്നു.2023-ൽ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലേക്ക് കേശവൻ എത്തിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ‘കേശവീയം 2023’ എന്ന പേരിൽ ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കേശവന്റെ സ്മരണകൾ ഉൾക്കൊള്ളുന്ന സ്മാരക പ്രസിദ്ധീകരണവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
‘ആനവരയും ആനക്കാഴ്ചയും’ — ഓർമകൾക്ക് പുതുതലമുറയുടെ നിറം
ഗുരുവായൂരപ്പന്റെ ഗജവീരന്മാരുടെ ഓർമകൾ എന്നും നിലനിർത്തുന്നതിനായി ഗുരുവായൂർ ദേവസ്വവും പ്രമുഖ പത്രമാധ്യമ സ്ഥാപനങ്ങളായ മാതൃഭൂമിയും മലയാള മനോരമയും ചേർന്ന് ‘ആനവരയും”, “ആനക്കാഴ്ചയും’ എന്ന പേരിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.കുട്ടികളെയും ഭക്തജനങ്ങളെയും ആനപ്രേമികളെയും പങ്കെടുപ്പിച്ച് ചിത്രരചന, ചിത്രപ്രദർശനം, സമ്മാനപദ്ധതികൾ തുടങ്ങിയവയിലൂടെ കേശവനടക്കമുള്ള ഗുരുവായൂരപ്പന്റെ ഗജവീരന്മാരുടെ സ്മരണകൾ പുതുതലമുറയിലേക്ക് എത്തിക്കുകയാണ്.2026 സെപ്റ്റംബർ 10-നും ഗുരുവായൂർ ക്ഷേത്രപരിസരത്ത് നടക്കുന്ന ആനക്കാഴ്ചകൾ ഈ പഴയ ഓർമകളുമായി ചേർന്നുനിൽക്കുന്നു. ഭഗവതിമതിൽക്കെട്ടിന് പുറത്തായി ഒരുക്കിയിരിക്കുന്ന ഗുരുവായൂർ ദേവസ്വവും മലയാള മനോരമയും ചേർന്നുള്ള ചിത്രപ്രദർശനത്തിൽ ഗുരുവായൂരപ്പന്റെ ഗജവീരന്മാരുടെ നിരവധി ചിത്രങ്ങൾക്കൊപ്പം ഗജരാജൻ കേശവന്റെ അപൂർവ ഓർമച്ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.1973 സെപ്റ്റംബർ 10-ന് ഗുരുവായൂരിൽ മുഴങ്ങിയ നാമസങ്കീർത്തനങ്ങളും പഞ്ചവാദ്യവും ആ ഗജഘോഷയാത്രയുടെ ആരവവും ഇന്ന് ചരിത്രത്തിന്റെ ഏടുകളിലാണ്. എന്നാൽ ആ ഘോഷയാത്രയിൽ ശിരസ്സുയർത്തി നടന്ന കേശവന്റെ രൂപം ഇന്നും ഗുരുവായൂരിന്റെ ഓർമകളിൽ മായാതെ നിലനിൽക്കുന്നു.
66 ആനകളിൽ നിന്ന് ഇന്ന് 35 ഗജവീരന്മാർ
ഒരു കാലത്ത് 66 ആനകൾ വരെ ഉണ്ടായിരുന്ന ഗുരുവായൂരപ്പന്റെ ഗജസമ്പത്തിൽ ഇന്ന് 35 ആനകളാണുള്ളത്. എണ്ണം കുറഞ്ഞെങ്കിലും ഗുരുവായൂരപ്പന്റെ ഗജസമ്പത്തിന്റെയും കേശവനടക്കമുള്ള ഗജവീരന്മാരുടെയും പാരമ്പര്യത്തിനും ഭക്തജനങ്ങളുടെ മനസ്സിലെ സ്ഥാനത്തിനും ഇന്നും കുറവില്ല.1973-ൽ ഒരു ആനയ്ക്ക് ലഭിച്ച ‘ഗജരാജൻ’ ബഹുമതി അന്നത്തെ കാലത്ത് അപൂർവമായൊരു തീരുമാനമായിരുന്നു. എന്നാൽ കാലം തെളിയിച്ചത് ആ തീരുമാനം എത്രമാത്രം ചരിത്രപ്രധാനമായിരുന്നുവെന്നതാണ്.
1973 സെപ്റ്റംബർ 10 മുതൽ 2026 സെപ്റ്റംബർ 10 വരെ — 53 വർഷം.
ഒരു ഗജവീരന് നൽകിയ ബഹുമതിയുടെ വാർഷികം മാത്രമല്ല ഇത്. ഗുരുവായൂരപ്പനും കേശവനും തമ്മിലുള്ള അതുല്യമായ ആത്മബന്ധത്തിന്റെ ഓർമദിനം കൂടിയാണ്.ഗുരുവായൂരിന്റെ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട ആ പേര് ഇന്നും അതേ പ്രൗഢിയോടെ മുഴങ്ങുന്നു—……
“ഗജരാജൻ ഗുരുവായൂർ കേശവൻ.”
കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ
