the digital signature of the temple city

ഏഴ് പതിറ്റാണ്ടിന്റെ പാരമ്പര്യം വീണ്ടും അരങ്ങിൽ; ഗുരുവായൂരപ്പന്റെ സന്നിധിയിൽ കൃഷ്ണനാട്ടം വഴിപാട്!

1952ൽ സാമൂതിരിയുടെ കോവിലകത്തുനിന്ന് ഗുരുവായൂർ സോപാനത്തിലെത്തിയ കളിയോഗം; 2026 സെപ്റ്റംബർ 2ന് 555 ഭക്തരുടെ വഴിപാടായി വീണ്ടും കൃഷ്ണനാട്ടം

ഗുരുവായൂർ: പഴമയുടെ പെരുമയും ഭക്തിയുടെ പാരമ്പര്യവും ഒരുപോലെ ചേർത്തുപിടിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് വീണ്ടും അരങ്ങേറുന്നു. ഭക്തജനങ്ങളുടെ വഴിപാടായി 2026 സെപ്റ്റംബർ 2 ബുധനാഴ്ച മുതൽ കൃഷ്ണനാട്ടം കളി ആരംഭിക്കുമ്പോൾ, ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രബന്ധത്തിനാണ് ഗുരുവായൂർ സാക്ഷിയാകുന്നത്. 555 ഭക്തരുടെ വഴിപാടായാണ് ബുധനാഴ്ച കൃഷ്ണനാട്ടം സമർപ്പിക്കപ്പെടുന്നത്. ഇന്നത്തെ വഴിപാട് നിരക്കനുസരിച്ച് ഏകദേശം 11 ലക്ഷം രൂപയോളം വരുന്ന വഴിപാടാണിത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ ആചാര-കലാ പാരമ്പര്യത്തിൽ സവിശേഷ സ്ഥാനമുള്ള കൃഷ്ണനാട്ടം ഇന്നും ഭക്തിയുടെ ഭാഗമായി തുടരുന്നതിന്റെ തെളിവുകൂടിയാണിത്.

- Advertisement -

1952ൽ സോപാനത്ത് സമർപ്പിച്ച കൃഷ്ണനാട്ടം കളിയോഗം

കോഴിക്കോട് സാമൂതിരി കോവിലകത്തിന്റെ അധീനതയിലുണ്ടായിരുന്ന കൃഷ്ണനാട്ടം കളിയോഗം 1952 നവംബർ 16നാണ് ആദ്യമായി ഗുരുവായൂരപ്പന്റെ സോപാനത്ത് സമർപ്പിക്കപ്പെട്ടത്. അതോടെ കൃഷ്ണനാട്ടം കളിയോഗവും ഗുരുവായൂർ ക്ഷേത്രവും തമ്മിലുള്ള ഔദ്യോഗിക ബന്ധത്തിന് പുതിയ അധ്യായം ആരംഭിച്ചു.കൃഷ്ണനാട്ടം കളിയോഗം ദേവസ്വത്തിന് ഏൽപ്പിക്കുന്നതിനൊപ്പം കളിയോഗക്കാർക്ക് അന്ന് നൽകിവന്നിരുന്ന അരി, മേഞ്ചിലവ് തുടങ്ങിയവയ്ക്ക് പകരം ചെലവുകൾ ഉൾപ്പെടെ മാസപ്പടി നിശ്ചയിച്ച് നൽകുന്നതിനും സാമൂതിരിയുടെ തിട്ടൂരം ഉണ്ടായി.1952ൽ ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിൽ നമ്പർ 24 പ്രകാരം രജിസ്റ്റർ ചെയ്ത് ഗുരുവായൂരപ്പന് സമർപ്പിക്കപ്പെട്ട കൃഷ്ണനാട്ടം കളിയോഗവുമായി ബന്ധപ്പെട്ട കരാറുകളും വ്യവസ്ഥകളും സാമൂതിരി രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

73 വർഷം പിന്നിട്ട സാമൂതിരിയുടെ തിട്ടൂരം

1953 ഏപ്രിൽ 29ന് ഗുരുവായൂർ ദേവസ്വം മാനേജർക്ക് സാമൂതിരി നൽകിയ തിട്ടൂരം കൃഷ്ണനാട്ടം കളിയോഗത്തിന്റെ നടത്തിപ്പും കളിക്കാരുടെ ക്ഷേമവും സംബന്ധിച്ച നിരവധി കാര്യങ്ങൾ വ്യക്തമാക്കുന്നതാണ്.1952 ഡിസംബർ 1 മുതൽ കളിയോഗത്തിലെ അംഗങ്ങൾക്ക് അരി, മേഞ്ചിലവ് തുടങ്ങിയ സാധനങ്ങൾ നൽകുന്ന പഴയ രീതി മാറ്റി, ചെലവുകൾ ഉൾപ്പെടെ ഓരോരുത്തർക്കും മാസപ്പടി നിശ്ചയിച്ച് നൽകണമെന്നാണ് തിട്ടൂരത്തിൽ നിർദേശിച്ചിരുന്നത്. കളിക്കാരുടെ താമസം, ഭക്ഷണം, മറ്റ് സൗകര്യങ്ങൾ എന്നിവ ദേവസ്വം ഒരുക്കണമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.

പെൻഷൻകാരുടെ കാര്യത്തിലും പ്രത്യേക നിർദേശങ്ങളുണ്ടായിരുന്നു. അവർ ഭഗവൽസേവയ്ക്കായി ഗുരുവായൂരിലെത്തുന്ന അവസരങ്ങളിൽ വഴിച്ചെലവും ഭക്ഷണച്ചെലവും നൽകണമെന്നും തിട്ടൂരത്തിൽ നിർദേശിച്ചിട്ടുണ്ട്. കളിയോഗത്തിൽനിന്ന് വിട്ടുപോയിരുന്ന ടി.പി. വാസുവിനും കൃഷ്ണനാട്ടം നടക്കുന്ന കാലത്ത് മറ്റ് അംഗങ്ങൾക്ക് നൽകുന്ന രീതിയിൽ ഭക്ഷണച്ചെലവും വഴിച്ചെലവും നൽകണമെന്ന പ്രത്യേക നിർദേശവും രേഖയിലുണ്ട്.“കൊല്ലം 1128-ാം വൃശ്ചിക ഞായർ 13-ാം തീയതിയിലെ ഈ തിട്ടൂരം പ്രകാരം നടന്നു കൊൾകയും ചെയ്ക” എന്ന നിർദേശത്തോടെ രേഖയിൽ സാമൂതിരി രാജ ഒപ്പുവെച്ചിരുന്നതായും ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

സാമൂതിരിനാട്ടിൽ ഒരു വർഷം 150 അരങ്ങുകൾ!

കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രവുമായി മാത്രമല്ല, പഴയ സാമൂതിരിനാടിന്റെ സാമൂഹികവും സാമ്പത്തികവുമായ ജീവിതവുമായി കൂടി ശക്തമായ ബന്ധം പുലർത്തിയിരുന്നു. ചരിത്രഗവേഷകനായിരുന്ന ഡോ. എൻ.എം. നമ്പൂതിരിയുടെ ‘കുന്നലക്കോനും, കുരവയൂർവട്ടവും’ എന്ന പഠനരേഖയിൽ, കോഴിക്കോട് സാമൂതിരിനാട്ടിലെ പ്രഭുകുടുംബങ്ങളിൽ കൃഷ്ണനാട്ടം വഴിപാടായും സേവയായും നടന്നുവന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഒരു വർഷം കുറഞ്ഞത് 150 അരങ്ങുകളെങ്കിലും കൃഷ്ണനാട്ടത്തിന് ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.സാമൂതിരിനാട്ടിലെ ജന്മി-കുടിയാൻ കാലഘട്ടത്തിൽ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് കുടിയാൻമാർ ഓരോ വർഷവും ഒരു പണം കൃഷ്ണനാട്ടത്തിന് നൽകാൻ ബാധ്യസ്ഥരായിരുന്നുവെന്നും ചരിത്രരേഖകൾ പറയുന്നു. ഇതിലൂടെ സാമൂതിരിയുടെ ഭരണപ്രദേശത്തെ സാധാരണ ജനങ്ങൾക്കും ഗുരുവായൂർ ക്ഷേത്രവുമായി ഒരു ആത്മബന്ധം രൂപപ്പെട്ടിരുന്നു.

ഭക്തിയും ക്ഷേത്രസമ്പദ്ഘടനയും ശക്തിപ്പെടുത്തിയ കലാരൂപം

കൃഷ്ണനാട്ടം വെറും കലാപ്രകടനമായി മാത്രമല്ല, പഴയകാലത്ത് ഭക്തിയുടെയും വിശ്വാസത്തിന്റെയും വളർച്ചയ്ക്കൊപ്പം ക്ഷേത്രത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും സഹായകമായിരുന്നുവെന്നാണ് ചരിത്രവിവരങ്ങൾ.കൃഷ്ണനാട്ടം കളിച്ചുകിട്ടുന്ന വരുമാനത്തിൽനിന്ന് നിശ്ചിത വിഹിതം ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ആവശ്യങ്ങൾക്കായി മാറ്റിവെക്കുന്ന രീതിയും നിലനിന്നിരുന്നു.

ചരിത്രരേഖകളനുസരിച്ച് ഏകദേശം 4 ശതമാനം സേവയ്ക്കും, 8 ശതമാനം നമസ്കാരച്ചെലവിനും, 7 ശതമാനം പതഹാരം വകയ്ക്കുമായി മാറ്റിവെച്ചിരുന്നു. ഓരോ കളിയുടെയും വരുമാനത്തിന്റെ ഏകദേശം 20 മുതൽ 25 ശതമാനം വരെ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ആവശ്യങ്ങളിലേക്ക് എത്തിയിരുന്നു.കൂടാതെ 15 ശതമാനം സാമൂതിരി ഭണ്ഡാരത്തിലേക്കും മാറ്റിവെച്ചിരുന്നു. ശേഷിക്കുന്ന തുകയിൽനിന്ന് ചെലവുകൾ കഴിച്ചതിന് ശേഷം കളിയോഗത്തിലെ ഒന്നാംകിട പ്രവർത്തകർക്ക് നിശ്ചിത വിഹിതവും മറ്റ് അംഗങ്ങൾക്ക് നിശ്ചിത ശതമാനവും ലഭിക്കുന്ന രീതിയുമുണ്ടായിരുന്നു.

മാനവേദനും കൃഷ്ണനാട്ടത്തിന്റെ ദിവ്യപാരമ്പര്യവും

ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന മാനവേദകവി സാമൂതിരിപ്പാട് തമ്പുരാനുമായി കൃഷ്ണനാട്ടത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. ഭക്തജനവിശ്വാസപ്രകാരം ശ്രീകൃഷ്ണൻ മാനവേദ തമ്പുരാന് പ്രത്യക്ഷപ്പെട്ടപ്പോൾ ലഭിച്ച മയിൽപ്പീലി മുടിയാണ് കൃഷ്ണനാട്ടത്തിലെ കൃഷ്ണന്റെ തിരുമുടിയായി ഉപയോഗിക്കുന്നതെന്നാണ് വിശ്വാസം.ചരിത്രരേഖകൾ പ്രകാരം 1653 നവംബർ 16ന് മാനവേദൻ ‘കൃഷ്ണഗീതി’ കാവ്യം പൂർത്തിയാക്കി. പിന്നീട് കൃഷ്ണഗീതിയെ ആധാരമാക്കി രൂപംകൊണ്ട കൃഷ്ണനാട്ടം കേരളത്തിന്റെ ക്ഷേത്രകലാ പാരമ്പര്യത്തിലെ ശ്രദ്ധേയമായ കലാരൂപമായി മാറി. 1658 ഫെബ്രുവരി 16ന് കൃഷ്ണനാട്ടത്തിന്റെ കർത്താവായ മാനവേദൻ തമ്പുരാൻ അന്തരിച്ചു എന്നും ചരിത്രം രേഖപ്പെടുത്തുന്നു. ഗുരുവായൂർ തെക്കേനടയിലെ സാമൂതിരി കോവിലകത്ത് കൃഷ്ണനാട്ടം ഒരുവട്ടം നടത്തിവന്നിരുന്ന ആചാരവും മാനവേദസ്മരണയുടെ ഭാഗമായിരുന്നു. ഇന്ന് അവിടെ മാനവേദൻ തമ്പുരാന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

പഴയ ‘കുടിയാൻ’ ബന്ധത്തിൽനിന്ന് ഇന്നത്തെ ഭക്തിസമർപ്പണത്തിലേക്ക്

നൂറ്റാണ്ടുകൾക്കുമുമ്പ് സാമൂതിരിയുടെ ഭരണകാലത്ത് കുടിയാൻമാരിൽനിന്ന് കൃഷ്ണനാട്ടത്തിനായി പണം ലഭിച്ചിരുന്നുവെങ്കിൽ, ഇന്ന് അതിന് മറ്റൊരു ആത്മീയ അർത്ഥമാണുള്ളത്.ഗുരുവായൂരപ്പൻ ജന്മിയും ഭക്തജനങ്ങൾ അദ്ദേഹത്തിന്റെ കുടിയാൻമാരുമെന്ന ഭക്തിസങ്കൽപ്പമാണ് ഇവിടെ പ്രസക്തമാകുന്നത്. ലോകത്തിന്റെ രക്ഷകനും ആപൽബാന്ധവനുമായ ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭക്തർ തങ്ങളുടെ സമർപ്പണമായി വഴിപാടുകൾ നടത്തുന്നു. ഉത്രാടം സുദിനത്തിലെ കാഴ്ചക്കുല സമർപ്പണം ഉൾപ്പെടെയുള്ള ആചാരങ്ങളിലും ഈ ആത്മബന്ധത്തിന്റെ പ്രതിഫലനം കാണാം.

ഇന്നും തുടരുന്ന ഏഴ് പതിറ്റാണ്ടിന്റെ പൈതൃകം

1952ൽ സാമൂതിരി കോവിലകത്തിന്റെ അധീനതയിലുള്ള കൃഷ്ണനാട്ടം കളിയോഗം ഗുരുവായൂരപ്പന്റെ സോപാനത്ത് സമർപ്പിക്കപ്പെട്ടതിൽ നിന്ന് ഇന്ന് 73 വർഷത്തിലേറെ പിന്നിട്ടിരിക്കുന്നു.കാലം മാറി. ഭരണസംവിധാനങ്ങൾ മാറി. വഴിപാടുകളുടെ രീതികളും നിരക്കുകളും മാറി. എന്നാൽ ഗുരുവായൂരപ്പനോടുള്ള ഭക്തിയും കൃഷ്ണനാട്ടത്തോടുള്ള വിശ്വാസവും ഇന്നും തുടരുകയാണ്. 2026 സെപ്റ്റംബർ 2 ബുധനാഴ്ച 555 ഭക്തരുടെ വഴിപാടായി കൃഷ്ണനാട്ടം വീണ്ടും ഗുരുവായൂരപ്പന്റെ സന്നിധിയിൽ അരങ്ങേറുമ്പോൾ, അത് ഒരു കലാപ്രകടനം മാത്രമല്ല—ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രപാരമ്പര്യത്തിന്റെ പുനരാവിഷ്കാരമാണ്.

പഴമയുടെ പെരുമയും ഭക്തിയുടെ ആഴവും കലയുടെ സൗന്ദര്യവും ഒരുമിക്കുന്ന ഈ കൃഷ്ണനാട്ടം അരങ്ങ്, ഗുരുവായൂരിന്റെ സാംസ്കാരിക ചരിത്രത്തിലെ മറ്റൊരു ഓർമ്മപ്പെടുത്തലായി മാറുകയാണ്.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts