the digital signature of the temple city

പൊൻകതിർ നിറഞ്ഞു🌾; ഗുരുവായൂരിൽ ഇല്ലം നിറ ഭക്തിസാന്ദ്രം

കാർഷിക സമൃദ്ധിയുടെ പ്രതീകമായ ചടങ്ങിൽ കതിർ പൂജ; പൂജിച്ച കതിർക്കറ്റകൾ പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്തു

- Advertisement -
1001145331

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഇല്ലം നിറ ചടങ്ങ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി നടന്നു. ക്ഷേത്രത്തിലെത്തിച്ച പുന്നെല്ലിൻ കതിർക്കറ്റകൾ പ്രത്യേക പൂജകൾക്ക് ശേഷം ശ്രീഗുരുവായൂരപ്പന് സമർപ്പിക്കുകയും പിന്നീട് ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യുകയും ചെയ്തു. കതിർ പൂജ ദർശിക്കുന്നതിനും പൂജിച്ച കതിർക്കറ്റകൾ പ്രസാദമായി ഏറ്റുവാങ്ങുന്നതിനും ഇത്തവണ കൂടുതൽ ഭക്തർക്ക് അവസരമൊരുങ്ങി.

1001145335

ഇന്ന് രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലായിരുന്നു ഇല്ലം നിറ ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബാംഗങ്ങളും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ നാക്കിലയിൽ സമർപ്പിച്ചു. തുടർന്ന് കീഴ്ശാന്തി നമ്പൂതിരിമാർ കതിർക്കറ്റകൾ തലയിലേറ്റി ആചാരാനുഷ്ഠാനങ്ങളോടെ എഴുന്നള്ളിച്ച് ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിച്ചു.

1001145332

ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി ടി.എം. നാരായണൻ നമ്പൂതിരി കതിർ പൂജ നിർവഹിച്ചു. പൂജകൾക്ക് ശേഷം കതിർക്കറ്റകൾ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. തുടർന്ന് പൂജിച്ച കതിർക്കറ്റകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു.കതിർ പൂജ ദർശനത്തിനും ഗുരുവായൂരപ്പന്റെ ദർശനത്തിനുമായി ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ഒരേ സമയം ആചാരപരമായ ചടങ്ങിന്റെ പുണ്യവും ശ്രീഗുരുവായൂരപ്പന്റെ ദർശന സായൂജ്യവും നേടാനായി. പൂജിച്ച കതിർക്കറ്റകൾ വേഗത്തിൽ പ്രസാദമായി ലഭിച്ചതിന്റെ ആഹ്ലാദത്തോടെയാണ് നിരവധി ഭക്തർ ക്ഷേത്രത്തിൽനിന്ന് മടങ്ങിയത്.

1001145496

കാർഷിക ജീവിതവുമായി അഭേദ്യമായി ബന്ധമുള്ള ഇല്ലം നിറ ചടങ്ങ് കേരളത്തിന്റെ പരമ്പരാഗത കാർഷിക സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും സമന്വയമാണ്. പുതിയ വിളവിന്റെ ആദ്യഫലം ദൈവത്തിന് സമർപ്പിച്ച് നാടിനും വീടുകൾക്കും സമൃദ്ധിയും ഐശ്വര്യവും ലഭിക്കണമെന്ന പ്രാർഥനയോടെയാണ് ചടങ്ങ് നടത്തുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറയ്ക്കും അതിന്റേതായ ആചാരപരമായ പ്രത്യേകതകളുണ്ട്.

1001145337

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, ക്ഷേത്രം അസി. മാനേജർമാരായ എ.വി. പ്രശാന്ത്, എം. ഹരിദാസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

1001145338

ആഗസ്റ്റ് 30ന് തൃപ്പുത്തരി

ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഘോഷം ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് തൃപ്പുത്തരി ചടങ്ങുകൾ.പുന്നെല്ലിന്റെ അരികൊണ്ടുള്ള പുത്തരി പായസവും അപ്പവും അന്നേദിവസം ശ്രീഗുരുവായൂരപ്പന് നേദിക്കും. തൃപ്പുത്തരി ദിനത്തിലെ വിശേഷാൽ പുത്തരി പായസം പ്രധാന വഴിപാടുകളിലൊന്നായാണ് കണക്കാക്കുന്നത്. പുതിയ വിളവിന്റെ സമൃദ്ധിയും ഐശ്വര്യവും ഭഗവാന്റെ അനുഗ്രഹവും പ്രാർഥിച്ചുകൊണ്ടാണ് ഇല്ലം നിറയ്ക്ക് പിന്നാലെ തൃപ്പുത്തരി ആഘോഷവും നടക്കുക.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts