ഗുരുവായൂരിലെ ഔട്ടർ റിംഗ് റോഡ്, റെയിൽവേ മേൽപ്പാലം, ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതം; അടിയന്തര നടപടി ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഗുരുവായൂർ: നഗരത്തിലെ പ്രധാന റോഡുകളിലെയും പൊതുസ്ഥലങ്ങളിലെയും തെരുവുവിളക്കുകൾ ദിവസങ്ങളായി പ്രവർത്തനരഹിതമായിരിക്കുന്നതിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നഗരത്തിലെ പൊതുജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണിതെന്ന് യോഗം വിലയിരുത്തി.
ഔട്ടർ റിംഗ് റോഡിൽ അമൃത് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച തെരുവുവിളക്കുകൾ, റെയിൽവേ മേൽപ്പാലത്തിലെ തെരുവുവിളക്കുകൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ ദിവസങ്ങളായി പ്രകാശിക്കാതെ കിടക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട അധികൃതർ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും യോഗം കുറ്റപ്പെടുത്തി.
രാത്രികാലങ്ങളിൽ നഗരത്തിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രികർക്കും കാൽനടയാത്രികർക്കും മതിയായ വെളിച്ചം ലഭിക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായും സ്ത്രീകൾ, വിദ്യാർത്ഥികൾ, വയോജനങ്ങൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ഗുരുവായൂർ പോലുള്ള തീർഥാടന നഗരത്തിൽ ഇത്തരത്തിലുള്ള അനാസ്ഥ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.
നഗരത്തിലെ പ്രവർത്തനരഹിതമായ മുഴുവൻ തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ ഉടൻ സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നഗരത്തിന്റെ സുരക്ഷയും പൊതുജനങ്ങളുടെ യാത്രാസൗകര്യവും ഉറപ്പാക്കാൻ വിഷയത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സി എസ് സൂരജ് അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, വിശ്വനാഥൻ കോങ്ങാട്ടിൽ, ജോയ് തോമസ്, ശശി പട്ടത്താക്കിൽ, രതീഷ് ബാബു, ബിജു ഓടാട്ട്, ഒ.പി. ജോൺസൺ, പ്രേം. ജി മേനോൻ എ.കെ. ഷൈമിൽ എന്നിവർ സംസാരിച്ചു.
