25-ാം വർഷത്തിലേക്ക് കടക്കുന്ന ആഘോഷത്തിന് 501 അംഗ കമ്മിറ്റി; ആഗസ്റ്റ് 28, 29 തീയതികളിൽ വിപുലമായ പരിപാടികൾ
ഗുരുവായൂർ: മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ മാനവസൗഹാർദ്ദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശവുമായി വരവേൽക്കുന്ന ‘തട്ടകം ഓണാഘോഷം 2026’-ന്റെ ഒരുക്കങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ 25 വർഷത്തോളമായി ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന തട്ടകം ഓണാഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷവും വിപുലമായ പരിപാടികളോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
എൻ.എസ്.എസ് കരയോഗം ഹാളിൽ ക്ലബ്ബ് പ്രസിഡന്റ് ബാലൻ വാറണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിലാണ് ആഘോഷ കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കം കുറിക്കുകയും ചെയ്തത്. യോഗത്തിൽ ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി ആഗസ്റ്റ് 28, 29 തീയതികളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക പൈതൃകവും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.
കിടപ്പുരോഗികൾക്ക് ഓണപ്പുടവ വിതരണം, പൂക്കള മത്സരം, കൊടിയേറ്റം, കേളി, കായിക മത്സരങ്ങൾ, കലാമത്സരങ്ങൾ, ഉറിയടി, വർണാഭമായ സാംസ്കാരിക ഘോഷയാത്ര, ഓണസദ്യ, സാംസ്കാരിക സമ്മേളനം, വൈവിധ്യമാർന്ന കലാവിരുന്നുകൾ എന്നിവ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും പങ്കാളികളാകാവുന്ന പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടക്കുക.
ഓണാഘോഷം കൂടുതൽ ജനകീയവും വിപുലവുമാക്കുന്നതിനായി 501 അംഗ ആഘോഷ സമിതി രൂപീകരിച്ചു. വിവിധ മേഖലകളിലെ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും വനിതാ പ്രതിനിധികളും യുവജനങ്ങളും ഉൾപ്പെട്ട വലിയ ജനപങ്കാളിത്തത്തോടെയാണ് കമ്മിറ്റി നിലവിൽ വന്നത്.
യോഗത്തിൽ നഗരസഭ കൗൺസിലർമാരായ ചന്ദ്ര രാമകൃഷ്ണൻ, മിഘ്‌നേഷ് മോഹൻ, ആതിര രതീഷ്, ഉണ്ണി വാറണാട്ട് എന്നിവരുള്‍പ്പെടെ നിരവധി ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പി. ഐ. സൈമൺ മാസ്റ്റർ, വി. ബാലകൃഷ്ണൻ നായർ, ബോസ് നടുവിൽപുരക്കൽ, മേഴ്സി ജോയ്, ജ്യോതിദാസ് കൂടത്തിങ്കൽ, ശ്രീ നാരായണൻ മുല്ലപ്പിള്ളി, നന്ദകുമാർ കാറാത്ത്, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, സുനിൽകുമാർ സോപാനം, മുരളി അകമ്പടി, ജോയ് തോമസ്, രാധാകൃഷ്ണൻ കരുമത്തിൽ, സ്റ്റീഫൻ ജോസ്, സുലൈമാൻ പണിക്കവീട്ടിൽ, രാജേഷ് നമ്പ്യാർ, രഘു പി. മൂത്തേടത്ത്, ഷൺമുഖൻ തെച്ചിയിൽ, ശശി അകമ്പടി, ദീപക് പ്രകാശ്, ശ്രീദേവി ബാലൻ, മനോജ്‌കുമാർ കണ്ടംപുള്ളി, സുകുമാരൻ ആലക്കൽ, അനിത റിജു, വിജി പ്രശാന്ത്, ബിന്ദു കൂടത്തിങ്കൽ, എൻ. കെ. ലോറൻസ്, ടിറ്റോ തരകൻ, കെ. രാജഗോപാൽ, വിജയം ശങ്കരനാരായണൻ, രാമകൃഷ്ണൻ പുളിഞ്ചേരി, ആന്റോ നീലങ്കാവിൽ, സുരേഷ്‌കുമാർ അമ്പാടി, സുകുമാരൻ കണ്ണത്ത്, രാധാകൃഷ്ണൻ മനയത്ത്, പ്രകാശൻ ചേരിയിൽ, മായാദേവി ചീരക്കുഴി, ഹിമ അനിൽ, സുരഭി പ്രേകുമാർ, മഞ്ജു രവീന്ദ്രൻ, സിഗി ടിറ്റോ, സുജാത രാജേഷ്, പ്രസീത സജി, റീജിയ വിൻസെന്റ്, ജീജ പ്രകാശൻ, അനീഷ് രഘു എന്നിവർ സംസാരിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികൾ
- ചെയർമാൻ: ശശി വാറണാട്ട്
- വൈസ് ചെയർമാന്മാർ : പി. മുരളീധര കൈമൾ, സുബിത സുധീർ
- ജനറൽ കൺവീനർ: രവികുമാർ കാഞ്ഞുള്ളി
- ജോയിന്റ് കൺവീനർമാർ: വിനോദ് കുമാർ അകമ്പടി, സിന്ധു ബാബു
- ഖജാൻജി: ജി. ഷോ. എസ്. പുത്തൂർ
- കോ-ഓർഡിനേറ്റർ: പി. ഐ. ലാസർ
25 വർഷമായി മാനവസൗഹാർദ്ദത്തിന്റെയും നാടിന്റെ കൂട്ടായ്മയുടെയും പ്രതീകമായി മാറിയ തട്ടകം ഓണാഘോഷം, ഇത്തവണയും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഒരേ വേദിയിൽ അണിനിരത്തി ഓണത്തിന്റെ ഐക്യവും സ്നേഹവും പങ്കുവെക്കുന്ന ജനകീയ ഉത്സവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
