സപ്തതി നിറവിൽ പാനയോഗം തിരുവെങ്കിടത്തിന്റെ നേതൃത്വത്തിൽ ആദരം; കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
ഗുരുവായൂർ : വില്ലിമേന്മൽ തായമ്പകാചാര്യനും പ്രശസ്ത വാദ്യവിദ്വാനുമായ ഷൺമുഖൻ തെച്ചിയിലിന് സപ്തതി നിറവിന്റെ സ്നേഹാദരമായി പാനയോഗം തിരുവെങ്കിടം സംഘടിപ്പിച്ച പ്രൗഢോജ്ജ്വല സമാദരണ സമ്മേളനം ശ്രദ്ധേയമായി. കലാസ്നേഹികളും വാദ്യകലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഒന്നിച്ചുചേർന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ദീർഘകാല കലാസേവനവും സമഗ്ര സംഭാവനകളും അനുസ്മരിച്ചാണ് ആദരവ് സമർപ്പിച്ചത്.
ഇലത്താളത്തിൽ അസാമാന്യമായ വൈദഗ്ധ്യം തെളിയിച്ച ഷൺമുഖൻ തെച്ചിയിൽ, ചെണ്ടവാദനത്തിലും തന്റെ മികവ് തെളിയിച്ച മേളതിലകമാണ്. വില്ലിന്മേൽ തായമ്പകയിൽ കേരളത്തിൽ ഇന്ന് വിരളമായി മാത്രം അവശേഷിക്കുന്ന അപൂർവ പ്രതിഭകളിൽ ഒരാളായ അദ്ദേഹം പാന, സംഗീതം, പാചകം തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ച തിരുവെങ്കിടം തട്ടകത്തിന്റെ ബഹുമുഖപ്രതിഭയായാണ് അറിയപ്പെടുന്നത്. ഗുരുവായൂർ ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന സമാദരണ സമ്മേളനം തട്ടകത്തിലെ ആത്മീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖനായ ശശി വാറണാട്ട് ഉദ്ഘാടനം ചെയ്തു. പാനാചാര്യനും വാദ്യശ്രേഷ്ഠനുമായ ഉണ്ണികൃഷ്ണൻ എടവന ഉപഹാരസമർപ്പണം നിർവഹിച്ചു.
ചടങ്ങിൽ കോ-ഓർഡിനേറ്റർ ബാലൻ വാറണാട്ട് ഷൺമുഖൻ തെച്ചിയിലിന്റെ വ്യക്തിപരിചയം അവതരിപ്പിച്ചു. തുടർന്ന് വിവിധ കലാരംഗങ്ങളെ പ്രതിനിധീകരിച്ച് പ്രഭാകരൻ മൂത്തേടത്ത് (ഇലത്താളം), ഇ. ദേവി ദാസൻ (അനുഷ്ഠാനകലകൾ), രാജൻ കോക്കൂർ (മദ്ദളം), മുരളി അകമ്പടി (കൃഷ്ണനാട്ടം), പ്രീത എടവന (സംഗീതം), ഹരീഷ് ഗുരുവായൂർ (ചെണ്ട–ഇലത്താളം), വത്സല നാരായണൻ (ഭക്തിപാരായണം), തിലകം ഷൺമുഖൻ (കൈകൊട്ടിക്കളി) എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
ആദരവിന് മറുപടിയായി സംസാരിച്ച ഷൺമുഖൻ തെച്ചിയിൽ, ലഭിച്ച അംഗീകാരം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നാണെന്ന് വ്യക്തമാക്കി സംഘാടകരോടും സഹപ്രവർത്തകരോടും നന്ദി രേഖപ്പെടുത്തി. തുടർന്ന് അദ്ദേഹത്തിന്റെ ഗാനാലാപനവും സ്നേഹവിരുന്നും ചടങ്ങിന് മിഴിവേകി.
കലാപാരമ്പര്യത്തെ ആദരിക്കുകയും കലാകാരന്മാരുടെ സംഭാവനകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം സമാദരണങ്ങൾ സമൂഹത്തിന് പ്രചോദനമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
