ആഗസ്റ്റ് 17-ന് ആത്മീയ-സാംസ്കാരിക മഹോത്സവം; 501 ഐശ്വര്യവിളക്ക്, ഭക്തജന ഘോഷയാത്ര, ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാര വിതരണം ഉൾപ്പെടെ വിപുലമായ പരിപാടികൾ
ഗുരുവായൂർ: മലയാളമാസപ്പിറവിയായ ആഗസ്റ്റ് 17-ന് ഗുരുപവനപുരിയിൽ പ്രൗഢഗംഭീരമായി സംഘടിപ്പിക്കുന്ന ‘ചിങ്ങ മഹോത്സവം 2026’ വിജയിപ്പിക്കുന്നതിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പരിഛേദമില്ലാത്ത ഗുരുവായൂരിനെ ഒരുമിപ്പിച്ചുകൊണ്ട് ആത്മീയതയും സാംസ്കാരിക പൈതൃകവും സമന്വയിപ്പിക്കുന്ന മഹോത്സവമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
ഗുരുവായൂരിലെ റുഗ്മിണി റീജൻസിയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ യോഗം ഉദ്ഘാടനം ചെയ്തു. മഹോത്സവത്തിന്റെ കോ-ഓർഡിനേറ്ററായ അഡ്വ. രവി ചങ്കത്ത് പരിപാടികളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.
ഇത്തവണത്തെ ചിങ്ങ മഹോത്സവത്തിന്റെ ഭാഗമായി 201 മേള കലാകാരന്മാർ അണിനിരക്കുന്ന ഭവ്യമായ മഞ്ജുളാൽത്തറ മേളം, ₹10,001 പാരിതോഷികവും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാര വിതരണം, അമ്പതോളം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചവാദ്യം, ദേവരൂപങ്ങൾ, താലപ്പൊലി, ഭജനനാദസുധ എന്നിവയുടെ അകമ്പടിയോടെയുള്ള ഭക്തജന ഘോഷയാത്ര, ഗുരുവായൂരപ്പന്റെ തിരുമുമ്പിൽ 501 ഐശ്വര്യവിളക്ക് സമർപ്പണം എന്നിവ സംഘടിപ്പിക്കും.
ഇതിനുപുറമെ സമുദായ സമന്വയജ്യോതി തെളിയിക്കൽ, മഹോത്സവ വിളംബര കൊടിയേറ്റം, വിളക്കൊരുക്കൽ തുടങ്ങി ആത്മീയവും സാംസ്കാരികവുമായ നിരവധി പരിപാടികളിലൂടെ ചിങ്ങ മഹോത്സവത്തെ കൂടുതൽ ജനകീയവും വർണാഭവുമായ ആഘോഷമാക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, പ്രമോദ് കൃഷ്ണ, കെ.കെ. വേലായുധൻ, കെ. അരവിന്ദാക്ഷ മേനോൻ, ഡോ. സോമസുന്ദരൻ, ശ്രീകുമാർ പി. നായർ, ചന്ദ്രൻ ഇരിങ്ങപ്പുറം, ജയറാം ആലക്കൽ, വി. ബാലകൃഷ്ണൻ നായർ, നിർമ്മല നായകത്ത്, ജയശ്രീ രവികുമാർ, സരള മുള്ളത്ത്, ടി. ദാക്ഷായിണി, ഇന്ദിരാ സോമസുന്ദരൻ എന്നിവർ പ്രസംഗിച്ചു.
501 അംഗ സ്വാഗതസംഘ ഭാരവാഹികളായി ജി.കെ. പ്രകാശൻ (ചെയർമാൻ), അഡ്വ. രവി ചങ്കത്ത് (ജനറൽ കൺവീനർ), കെ.ടി. ശിവരാമൻ നായർ (വർക്കിംഗ് ചെയർമാൻ), അനിൽ കല്ലാറ്റ് (കൺവീനർ), ശശികുമാർ കൊടമന (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
ആത്മീയതയും പാരമ്പര്യവും കലാസാംസ്കാരിക വൈവിധ്യവും സമന്വയിപ്പിച്ച് ഗുരുപവനപുരിയിൽ ചിങ്ങ മഹോത്സവം ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ആഘോഷങ്ങളിലൊന്നായി മാറ്റാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

