ജൂലൈ 5-ന് ഗ്ലാസ്കോ ഫെസ്റ്റിവലിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കും; ഓട്ടൻതുള്ളലിനെ ലോകവേദിയിൽ ശ്രദ്ധേയമാക്കിയ കലാസേവനത്തിന് ‘സെൻ ടിവി ഇന്റർനാഷണൽ കൾച്ചറൽ എക്സലൻസ് അവാർഡ്–2026’ സമ്മാനിക്കും
ഗുരുവായൂർ: സ്കോട്ട്ലാൻഡിലെ ഗ്ലാസ്കോ ഫെസ്റ്റിവലിൽ കേരളത്തിന്റെ തനത് കലാരൂപമായ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനും സെൻ ടിവി ഇന്റർനാഷണൽ കൾച്ചറൽ എക്സലൻസ് അവാർഡ്–2026 ഏറ്റുവാങ്ങാനും യാത്രതിരിക്കുന്ന പൈതൃകം കലാക്ഷേത്ര ചെയർമാനും പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനുമായ മണലൂർ ഗോപിനാഥിനെ പൈതൃകം കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
ജൂലൈ 5-ന് സ്കോട്ട്ലാൻഡിലെ ഗ്ലാസ്കോ ഫെസ്റ്റിവലിന്റെ വേദിയിലാണ് ഓട്ടൻതുള്ളൽ അരങ്ങേറുന്നത്. കേരളത്തിന്റെ പാരമ്പര്യ കലാരൂപമായ ഓട്ടൻതുള്ളലിനെ അന്താരാഷ്ട്ര വേദികളിൽ അവതരിപ്പിക്കുകയും ആഗോളതലത്തിൽ കൂടുതൽ ജനകീയമാക്കുന്നതിനായി നടത്തിയ ശ്രദ്ധേയമായ കലാസേവനങ്ങളെ പരിഗണിച്ചാണ് സെൻ ടിവി ഇന്റർനാഷണൽ കൾച്ചറൽ എക്സലൻസ് അവാർഡ്–2026 മണലൂർ ഗോപിനാഥിന് സമ്മാനിക്കുന്നത്.
പൈതൃകം മന്ദിരത്തിൽ നടന്ന അനുമോദനയോഗത്തിൽ കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. കെ. കെ. വേലായുധൻ പൊന്നാട അണിയിച്ച് ആദരിച്ചു. ശശികുമാർ കൊടമന ഉപഹാരം സമർപ്പിച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച ‘തിടമ്പ്’ പുസ്തകവും അദ്ദേഹത്തിന് സ്നേഹോപഹാരമായി കൈമാറി.
ചടങ്ങിൽ ജയൻ മേനോൻ, രവി വട്ടരങ്ങത്ത്, പ്രഹ്ലാദൻ മാമ്പറ്റ്, സുനിത രവി, കൃഷ്ണനാട്ടം കളി ആശാൻ എം. വി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേരളത്തിന്റെ കലാപൈതൃകത്തെ ലോകവേദിയിൽ കൂടുതൽ ശ്രദ്ധേയമാക്കുന്ന മണലൂർ ഗോപിനാഥിന്റെ ഈ അംഗീകാരം സംസ്ഥാനത്തിനാകെ അഭിമാനകരമാണെന്നും അദ്ദേഹത്തിന്റെ കലാപ്രയാണം യുവതലമുറയ്ക്ക് പ്രചോദനമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ തനത് കലാരൂപമായ ഓട്ടൻതുള്ളലിന് ആഗോള വേദികളിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുന്ന ഈ അവതരണവും പുരസ്കാരവും മലയാളികളുടെ സാംസ്കാരിക പൈതൃകത്തിന് പുതിയ അംഗീകാരമായി മാറുമെന്ന പ്രതീക്ഷയും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു.
