90 വർഷം മുമ്പ് 115 രൂപയുടെ വേനൽച്ചികിത്സ; ഇന്ന് 34 ഗജവീരന്മാർക്ക് 9 ലക്ഷം രൂപയുടെ ശാസ്ത്രീയ പരിപാലനം – ചരിത്രം പറയുന്ന ഗജസംരക്ഷണത്തിന്റെ അപൂർവ കഥ
ഗുരുവായൂർ: ഗജപ്രിയനായ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ സേവനം ചെയ്യുന്ന ആനകൾക്ക് ആരോഗ്യവും കരുത്തും സൗന്ദര്യവും വർധിപ്പിക്കുന്നതിനായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തിവരുന്ന സുഖചികിത്സ ഇത്തവണ ജൂലൈ 1 മുതൽ ഒരു മാസം നീണ്ടുനിൽക്കും. 2026-ൽ ദേവസ്വത്തിന്റെ ഗജസമ്പത്തിലുള്ള 34 ഗജവീരന്മാർക്കാണ് ഏകദേശം 9 ലക്ഷം രൂപ ചെലവിൽ വിദഗ്ധ മേൽനോട്ടത്തിൽ സുഖചികിത്സ ഒരുക്കിയിരിക്കുന്നത്.
എന്നാൽ, ഗുരുവായൂരപ്പന്റെ ആനകൾക്ക് ചികിത്സ നൽകുന്ന പാരമ്പര്യം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. 90 വർഷങ്ങൾക്ക് മുമ്പ്, 1936-ൽ തന്നെ “വേനൽക്കാല ചികിത്സ” എന്ന പേരിൽ ആനകൾക്കായി പ്രത്യേക ചികിത്സാ സംവിധാനം ഉണ്ടായിരുന്നുവെന്നത് ഗുരുവായൂർ ദേവസ്വത്തിന്റെ ചരിത്രരേഖകൾ തെളിയിക്കുന്നു. അന്നത്തെ ചികിത്സയ്ക്കായി 115 രൂപയും 7 അണയും ചെലവഴിക്കാനാണ് സാമൂതിരി രാജയുടെ ഉത്തരവുണ്ടായത്.
1936-ലെ സാമൂതിരിയുടെ ഉത്തരവ്
1936 മാർച്ച് 25-ന് ഗുരുവായൂർ ദേവസ്വം മാനേജർക്ക് സാമൂതിരി രാജ നൽകിയ ഉത്തരവിൽ, ദേവസ്വം ആനകൾക്ക് വേനൽക്കാലത്ത് നൽകേണ്ട ചികിത്സയ്ക്ക് തയ്യാറാക്കിയ 115 രൂപ 7 അണയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് ചികിത്സ നടത്താൻ അനുമതി നൽകുന്ന രേഖ ഇന്നും ചരിത്രത്തിന്റെ സാക്ഷ്യമായി നിലനിൽക്കുന്നു. ആനകളുടെ എണ്ണം വളരെ കുറവായിരുന്ന ആ കാലത്ത് ‘ആനക്കാര്യസ്ഥൻ’ എന്ന തസ്തിക പോലും ഒഴിവാക്കി, അന്നത്തെ ഉദ്യോഗസ്ഥന് 10 പറ നെല്ല് പെൻഷനായി അനുവദിക്കാനും സാമൂതിരി രാജ ഉത്തരവിട്ടിരുന്നു. പിന്നീട് 1936 മെയ് 28-ലെ മറ്റൊരു ഉത്തരവിലൂടെ ക്ലാർക്ക് രാമനെ ആനകളുടെ മേൽനോട്ടത്തിനായി നിയോഗിക്കുകയും ചെയ്തു.
ആയുർവേദത്തിലൂടെ ഗജസംരക്ഷണം
ഗുരുവായൂരപ്പന്റെ ഗജസമ്പത്തിന്റെ ചികിത്സയിൽ ആയുർവേദത്തിനും സുപ്രധാന സ്ഥാനമുണ്ടായിരുന്നു. 1970-ൽ ഉമ, ബാലഗോപാലൻ എന്നീ കുട്ടിയാനകൾക്ക് ഉണ്ടായ എരണ്ടക്കെട്ട് രോഗത്തിന് പ്രശസ്ത ആനവൈദ്യൻ കോങ്ങാട് ടി. പ്രഭാകരൻ വൈദ്യർ ചികിത്സ നൽകി. കൃമിശല്യം, ദഹനപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി 41 ദിവസം ബാലാമൃതരസായനവും യോഗരാജചൂർണവും നൽകാൻ അദ്ദേഹം നിർദേശിച്ചതായി രേഖകളിൽ കാണാം.
1970-ലെ അഗ്നിബാധയ്ക്ക് ശേഷമുള്ള മാറ്റങ്ങൾ
1970 നവംബർ 29-ലെ ഗുരുവായൂർ ക്ഷേത്ര അഗ്നിബാധയ്ക്കുശേഷം ക്ഷേത്രത്തിന്റെ പുനർനിർമാണം ലോകമെമ്പാടുമുള്ള ഭക്തരുടെ പങ്കാളിത്തത്തോടെ നടന്നു. ഇതോടെ ഗുരുവായൂരിലേക്കുള്ള ഭക്തജനപ്രവാഹം വർധിക്കുകയും, ഗുരുവായൂരപ്പന് ആനകളെ വഴിപാടായി സമർപ്പിക്കുന്ന പതിവ് വ്യാപകമാകുകയും ചെയ്തു. പിന്നീട് ദേവസ്വത്തിന്റെ ഗജസമ്പത്ത് അതിവേഗം വർധിച്ചു.
1981-ൽ ആനയൂട്ട് വഴിപാടിന് തുടക്കം
1981 മെയ് മാസത്തിലാണ് ഗുരുവായൂർ ദേവസ്വം ആനയൂട്ട് എന്ന പുതിയ വഴിപാട് ആരംഭിച്ചത്. അന്ന് 1,200 രൂപ ആയിരുന്നു വഴിപാടിന്റെ നിരക്ക്. എല്ലാ ആനകളെയും കുളിപ്പിച്ച് കിഴക്കേനടയിൽ നിരത്തി ഭക്തരുടെ സാന്നിധ്യത്തിൽ 200 കിലോഗ്രാം അരിയുടെ ചോറ് ഉൾപ്പെടെയുള്ള വിഭവങ്ങൾ നൽകി ആനയൂട്ട് നടത്തി. പിന്നീട് ഇത് പുന്നത്തൂർ കോട്ട ആനത്താവളത്തിലേക്ക് മാറ്റി. ഇന്ന് ആനയൂട്ട് വഴിപാടിന്റെ നിരക്ക് 20,000 രൂപയാണ്.
1952-ൽ കാട്ടുതീറ്റയ്ക്കായി ഒൻപത് ആനകൾ
ആനകളുടെ തീറ്റച്ചെലവ് വർധിച്ചതിനെ തുടർന്ന് 1952-ൽ ഗുരുവായൂർ ദേവസ്വം പ്രത്യേക പാസ് എടുത്ത് വാഴാനി, മാന്ദാമംഗലം, വെട്ടിക്കുഴി ഉൾപ്പെടെയുള്ള വനമേഖലകളിലേക്ക് ഒൻപത് ആനകളെ കാട്ടുതീറ്റയ്ക്കായി അയച്ചിരുന്നു. നാരായണൻ, വേണുഗോപാലൻ, ഗോപാലകൃഷ്ണൻ, കുട്ടിശങ്കരൻ, രവീന്ദ്രൻ, രാമൻകുട്ടി, രാമചന്ദ്രൻ, ഗോപാലൻ, താരം എന്നീ ആനകളാണ് അന്ന് വനത്തിലേക്ക് മാറ്റിയത്. ആനക്കാരുടെ ബത്തയും യാത്രാചെലവും അനുവദിക്കണമെന്ന ഉത്തരവും അന്നുണ്ടായി.
കേശവന് പണിക്ക് വാടക
1956 ജനുവരി 27-ന്, പരമു നായരുടെ അപേക്ഷപ്രകാരം ഗുരുവായൂർ കേശവനെ വെട്ടിക്കുഴി പ്രദേശത്തേക്ക് തടി പിടിക്കുന്ന ജോലിക്ക് അയക്കാൻ സാമൂതിരി രാജ അനുമതി നൽകി. ഒരു ദിവസത്തിന് 15 രൂപ നിരക്കിലായിരുന്നു വാടക നിശ്ചയിച്ചത്. അന്നത്തെ സാമ്പത്തിക സാഹചര്യവും ആനകളുടെ ഉപയോഗവും വ്യക്തമാക്കുന്ന അപൂർവ രേഖയാണിത്.
66 ആനകളിലെത്തിയ ഗജസമ്പത്ത്
ഭക്തരുടെ വഴിപാടുകളിലൂടെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് ക്രമേണ വർധിച്ച് 2009-ൽ 66 ആനകളെന്ന ചരിത്രനേട്ടത്തിലെത്തി. ഒ.വി. ബാബു സമർപ്പിച്ച ‘അനന്തനാരായണൻ’, തുടർന്ന് വെട്ടിയാട്ടിൽ ഉണ്ണികൃഷ്ണൻ സമർപ്പിച്ച ‘ഉണ്ണികൃഷ്ണൻ’ എന്നിവരുടെ വരവോടെയായിരുന്നു ഈ റെക്കോർഡ്. പിന്നീട് സാങ്കേതികവും ഭരണപരവുമായ കാരണങ്ങളാൽ പുതിയ ആനകളെ നടയിരുത്തുന്ന പതിവ് അവസാനിപ്പിച്ചു. 2011 ഡിസംബർ 21-ന് അയ്യപ്പൻകുട്ടി ആയിരുന്നു അവസാനമായി നടയിരുത്തപ്പെട്ട ആന.
ആധുനിക സുഖചികിത്സയുടെ തുടക്കം
ഇന്ന് നടപ്പിലാക്കുന്ന ശാസ്ത്രീയവും ക്രമബദ്ധവുമായ സുഖചികിത്സാ സംവിധാനം ഏകദേശം 34 വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ ദേവസ്വം ആരംഭിച്ചതാണ്. പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്, അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്, ഡോ. രാധാകൃഷ്ണക്കൈമൾ, ഡോ. കെ.സി. പണിക്കർ എന്നിവരടങ്ങിയ വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് പദ്ധതി രൂപീകരിച്ചത്. സുഖചികിത്സാ കാലയളവിൽ പ്രത്യേക ഔഷധങ്ങൾ, പോഷകസമൃദ്ധമായ ആഹാരം, എണ്ണതേച്ചുള്ള കുളി, വിശ്രമം, ആരോഗ്യപരിശോധന, വ്യായാമം എന്നിവ ഉൾപ്പെടുത്തി ആനകളുടെ സമഗ്ര ആരോഗ്യം ഉറപ്പാക്കുന്നു.
ഗജങ്ങൾക്കും ‘ഹന്ത ഭാഗ്യം’
ഗുരുവായൂരപ്പന്റെ സ്വർണത്തിടമ്പേറ്റി നിത്യം ക്ഷേത്രചടങ്ങുകളിൽ പങ്കുചേരുന്ന ഗജവീരന്മാർക്ക് സുഖചികിത്സയുടെ ഈ ദിനങ്ങൾ യഥാർത്ഥത്തിൽ വിശ്രമത്തിന്റെയും പുനരുജ്ജീവനത്തിന്റെയും കാലമാണ്. മേൽപ്പത്തൂർ ഭട്ടതിരിപ്പാട് നാരായണീയത്തിൽ മനുഷ്യരുടെ ഭാഗ്യത്തെ “ഹന്ത ഭാഗ്യം ജനാനാം” എന്ന് വിശേഷിപ്പിച്ചതുപോലെ, ഗുരുവായൂരപ്പന്റെ സന്നിധിയിൽ സേവനം ചെയ്യുന്ന ഈ ഗജവീരന്മാർക്കും ഇന്ന് അത് “ഹന്ത ഭാഗ്യം ഗജാനാം” എന്ന യാഥാർഥ്യമായി മാറുകയാണ്.
കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ
