കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റും ഫുഡ് സേഫ്റ്റി വകുപ്പും ചേർന്ന് പരിശീലനവും ഹെൽത്ത് കാർഡ് ക്യാമ്പും സംഘടിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളികൾക്കും പ്രത്യേക ക്ലാസ്
ഗുരുവായൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിലും ഫുഡ് സേഫ്റ്റി വകുപ്പിന്റെ സഹകരണത്തോടെയും ഹോട്ടൽ ജീവനക്കാർക്കായി ഭക്ഷ്യസുരക്ഷ, വ്യക്തിശുചിത്വം, ആരോഗ്യപരിപാലനം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും ഹെൽത്ത് കാർഡ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി ഹോട്ടൽ ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.
യൂണിറ്റ് പ്രസിഡന്റ് ഒ. കെ. ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ച യോഗം കെ.എച്ച്.ആർ.എ സംസ്ഥാന ട്രഷറർ സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ മേഖലയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഫുഡ് സേഫ്റ്റി ഓഫീസർ അഷ്റഫ് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, ശുചിത്വ മാനദണ്ഡങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിത കൈകാര്യം, തൊഴിലാളികളുടെ വ്യക്തിശുചിത്വം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കും പരിശീലനം ഫലപ്രദമാക്കുന്നതിനായി എൻ. പി. അഷ്റഫ് ഹിന്ദിയിലേക്ക് ക്ലാസ് പരിഭാഷപ്പെടുത്തി.
ജില്ല ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ എ. എസ്. ജോസഫ്, സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ, എൻ. കെ. രാമകൃഷ്ണൻ, ഒ. കെ. നാരായണൻ നായർ, സന്തോഷ്, എൻ. കെ. അഷ്റഫ്, രാജേഷ് ഗോകുലം, ചന്ദ്രബാബു, മുബാറക്ക്, സിജോ കണ്ടാണ്ണശ്ശേരി, രഞ്ജിത്ത് വിനായക് എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് മൈക്രോ ലാബിന്റെ സഹകരണത്തോടെ ഹോട്ടൽ ജീവനക്കാർക്കായി ഹെൽത്ത് കാർഡ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത ഇരുന്നൂറിനടുത്ത് ജീവനക്കാർക്ക് നേത്രപരിശോധന, ചർമ്മപരിശോധന, ശാരീരിക ആരോഗ്യ പരിശോധന, രക്തപരിശോധന തുടങ്ങി വിവിധ ആരോഗ്യ പരിശോധനകൾ സൗജന്യമായി നടത്തി. ആരോഗ്യ സർട്ടിഫിക്കറ്റുകളും ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട നടപടികളും ക്യാമ്പിലൂടെ പൂർത്തിയാക്കി.
ഹോട്ടൽ മേഖലയിൽ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനുള്ള കെ.എച്ച്.ആർ.എയുടെ ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരവും തൊഴിലാളികൾക്ക് പ്രയോജനകരവുമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
