the digital signature of the temple city

‘സിറ്റി ഫാസ്റ്റ്’ സ്റ്റിക്കർ വിവാദം ; സ്ത്രീകളുടെ സൗജന്യ യാത്ര തടയാൻ ബസുകൾ മാറ്റിയെന്ന പ്രചാരണം വ്യാജമെന്ന് കെ.എസ്.ആർ.ടി.സി

ഓർഡിനറി സർവീസുകൾ പഴയപടി തുടരുന്നു; യാത്രക്കാർക്ക് വ്യക്തത ഉറപ്പാക്കാനാണ് സിറ്റി ഫാസ്റ്റ് ബസുകളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിച്ചതെന്ന് വിശദീകരണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി’ നിലവിൽ വന്നതോടെ സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കുന്നതിനായി വെള്ളയും നീലയും നിറത്തിലുള്ള ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സർവീസ് നടത്തുകയാണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

പ്രിയദർശിനി പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും നിലവിലും അതേ വിഭാഗത്തിൽ തന്നെ തുടരുന്നുണ്ടെന്നും സർവീസുകളുടെ വിഭാഗത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

വർഷങ്ങളായി തിരുവനന്തപുരം നഗരത്തിൽ ഒരേ വെള്ള-നീല നിറത്തിലാണ് ഓർഡിനറി ബസുകളും സിറ്റി ഫാസ്റ്റ് ബസുകളും സർവീസ് നടത്തിവരുന്നത്. ഇതുമൂലം യാത്രക്കാർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും ബസുകളുടെ വിഭാഗം തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സിറ്റി ഫാസ്റ്റ് ബസുകളിൽ “CITY FAST” എന്ന സ്റ്റിക്കർ വലിയ അക്ഷരങ്ങളിൽ പതിപ്പിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായാണ് സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുള്ളത്. ഇത് സർവീസുകളുടെ വിഭാഗം വ്യക്തമായി തിരിച്ചറിയുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമാണെന്നും, ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റാക്കി മാറ്റിയെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും കെ.എസ്.ആർ.ടി.സി വിശദീകരിച്ചു.

നിലവിൽ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും നഗരമുൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 687 ഓർഡിനറി ബസുകളും സർവീസ് നടത്തുന്നുണ്ട്. പ്രിയദർശിനി പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ സൗജന്യ യാത്രയ്ക്ക് അർഹമായ സർവീസുകളുടെ വിശദമായ പട്ടിക മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കെ.എസ്.ആർ.ടി.സി കൈമാറിയിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ വിശ്വസിക്കാതെ കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക അറിയിപ്പുകളും വിവരങ്ങളും മാത്രം ആശ്രയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts