പുന്നത്തൂർ കോവിലകം ചരിത്ര സ്മാരകമാക്കും; ആനകളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി: 9 മാസത്തിനകം സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കും; ഗുരുവായൂരപ്പന്റെ ഒരിഞ്ച് ഭൂമിപോലും നഷ്ടമാകില്ലെന്ന് മന്ത്രി കെ. മുരളീധരൻ
ഗുരുവായൂർ: ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും തടസ്സരഹിതവുമായ ദർശനാനുഭവം ഒരുക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ എന്നീ പ്രധാന ക്ഷേത്രങ്ങളെ രാജ്യത്തെ മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്ര വികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്നും, വികസനത്തിനായി ആവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ഒൻപത് മാസത്തിനകം സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള നിയമപരമോ സാങ്കേതികമോ ആയ തടസ്സങ്ങൾ ഉണ്ടായാൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.
മൂന്ന് വർഷത്തിനുള്ളിൽ ഗുരുവായൂർ ക്ഷേേത്ര വികസന പദ്ധതികൾ പ്രായോഗിക രൂപത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ആവശ്യമായ ഭൂമി ഉറപ്പാക്കുന്നതിനൊപ്പം, അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികൾ തിരികെ പിടിക്കാനുള്ള നടപടികളും ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു.
“ഗുരുവായൂരപ്പന്റെ ഒരു തുണ്ട് ഭൂമിപോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്” എന്ന് മന്ത്രി ഉറപ്പുനൽകി. വെങ്ങാട് ഗോശാലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം, ആനക്കോട്ടയിലെ പുന്നത്തൂർ കോവിലകത്തെ ചരിത്ര സ്മാരകമായി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും പ്രത്യേക പ്രാധാന്യം നൽകുമെന്ന് പറഞ്ഞ മന്ത്രി, ആനകളുടെ താമസ സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്തുമെന്നും അറിയിച്ചു. പാദരോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, റവന്യൂ-ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, റവന്യൂ-ദേവസ്വം ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഗുരുവായൂർ ക്ഷേത്രത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ ലോകോത്തര തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
