the digital signature of the temple city

ഗുരുവായൂർ കൃഷ്ണനാട്ടം കളിയോഗത്തിന്റെ അതിജീവന ചരിത്രം; പഴമയുടെ പെരുമയിൽ നിന്ന് ലോകപ്രശസ്തിയിലേക്ക്

110 വർഷം മുമ്പ് മാസപ്പടിക്കായി സാമൂതിരി കോവിലകത്തിലേക്ക് നിവേദനം; 97 വർഷം പഴക്കമുള്ള തിട്ടൂരത്തിൽ കളിയോഗത്തിന്റെ ഭരണചരിത്രം തെളിയുന്നു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അഭിമാന ചിഹ്നമായ കൃഷ്ണനാട്ടം കളിയോഗത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അപൂർവ രേഖകൾ വീണ്ടും ശ്രദ്ധേയമാകുന്നു. ഗുരുവായൂർ ക്ഷേത്രഭരണത്തിന്റെ ചുമതല കോഴിക്കോട് സാമൂതിരി കോവിലകത്തിനുണ്ടായിരുന്ന കാലഘട്ടത്തിൽ കൃഷ്ണനാട്ടം കളിയോഗം നേരിട്ട സാമ്പത്തിക പ്രതിസന്ധികളും ഭരണപരമായ മാറ്റങ്ങളും വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ ചരിത്രസാക്ഷ്യങ്ങളായി നിലകൊള്ളുന്നത്.

ഭാഗവതം, നാരായണീയം, കൃഷ്ണഗീതി എന്നിവയുടെ ആത്മീയ പാരമ്പര്യത്തോട് ചേർന്ന് നിൽക്കുന്ന കൃഷ്ണനാട്ടം, ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ദിവ്യലീലകൾ ഭക്തജനങ്ങൾക്ക് ദൃശ്യാനുഭവമായി സമ്മാനിക്കുന്ന അതുല്യ കലാരൂപമാണ്. നൂറ്റാണ്ടുകളായി ഗുരുവായൂരപ്പന്റെ സന്നിധിയിൽ അരങ്ങേറുന്ന ഈ കലാരൂപം ഭക്തിക്ക് മാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനും വിലമതിക്കാനാകാത്ത സംഭാവനയാണ് നൽകുന്നത്.

മാസപ്പടിക്കായി 16 പേരുടെ വിനയപൂർവ നിവേദനം

ഇന്ന് മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന കൃഷ്ണനാട്ടം കലാകാരന്മാരുടെ ജീവിതം ഒരുകാലത്ത് അത്ര എളുപ്പമായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന കാലഘട്ടത്തിൽ കളിയോഗാംഗങ്ങൾക്ക് മാസപ്പടി പോലും കൃത്യമായി ലഭിക്കാത്ത സാഹചര്യം നിലനിന്നിരുന്നു.കൊല്ലവർഷം 1091 ധനു 29-ന് (ഏകദേശം 110 വർഷം മുമ്പ്) കളിയോഗത്തിലെ 16 അംഗങ്ങൾ ചേർന്ന് കോഴിക്കോട് സാമൂതിരി കോവിലകത്തിലേക്ക് നൽകിയ അപേക്ഷ ചരിത്രത്തിന്റെ ദയനീയമായ ഒരു ഏടാണ്. ഗുരുവായൂർ ഭഗവാന്റെ സേവനത്തിനും വിവിധ അവതരണങ്ങൾക്കുമായി പുറപ്പെടുന്നതിന് മുമ്പ് കുടിശ്ശികയായ മാസപ്പടി അനുവദിക്കണമെന്നായിരുന്നു അപേക്ഷയുടെ ഉള്ളടക്കം.

കൊല്ലങ്കോട് സുന്ദര ഭാഗവതർ, മെയാട്ട് കുഞ്ഞൻ പണിക്കർ, ചാത്താകണ്ടത്ത് നാണു പണിക്കർ, കണക്കവീട്ടിൽ ശാമി നായർ, മാവത്ത് രാമമേനോൻ തുടങ്ങി 16 പേരാണ് അപേക്ഷയിൽ ഒപ്പുവെച്ചത്. നേരത്തെ മാസപ്പടി അനുവദിക്കാമെന്ന് കല്പന ലഭിച്ചിരുന്നെങ്കിലും അത് നടപ്പിലാകാത്തതിനാലാണ് വീണ്ടും അപേക്ഷ സമർപ്പിക്കുന്നതെന്ന് രേഖയിൽ വ്യക്തമാക്കുന്നു.

കമ്മിറ്റിയെ ഒഴിവാക്കി മാവത്ത് രാമന് മേൽനോട്ട ചുമതല

ഈ അപേക്ഷയ്ക്ക് 13 വർഷങ്ങൾക്ക് ശേഷം പുറപ്പെടുവിച്ച മറ്റൊരു സാമൂതിരി തിട്ടൂരം കൃഷ്ണനാട്ടം കളിയോഗത്തിന്റെ ഭരണരീതിയിലെ സുപ്രധാന മാറ്റത്തിന് സാക്ഷ്യമാണ്. കൊല്ലവർഷം 1104 ചിങ്ങം 12-ന് (1929 ഓഗസ്റ്റ് 28) സാമൂതിരിപ്പാട് തമ്പുരാൻ പുറപ്പെടുവിച്ച തിട്ടൂരത്തിൽ, കളിയോഗം നിയന്ത്രിച്ചിരുന്ന മേൽനോട്ട കമ്മിറ്റിയെ പിരിച്ചുവിടുകയും കളിയോഗാംഗമായ മാവത്ത് രാമനെ നേരിട്ട് മേൽനോട്ട ചുമതല ഏൽപ്പിക്കുകയും ചെയ്തു.

കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ കളിയോഗത്തിന്റെ ക്ഷേമത്തിലും അഭ്യാസപരിശീലനങ്ങളിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. കച്ചകെട്ട് ഉൾപ്പെടെയുള്ള പരിശീലനങ്ങൾ കൃത്യമായി നടത്തുകയും, കലാകാരന്മാരെ ആവശ്യാനുസരണം പ്രവർത്തിപ്പിക്കുകയും, യോഗത്തിന്റെ കാര്യങ്ങൾ റിപ്പോർട്ട് മുഖേന അറിയിക്കുകയും ചെയ്യണമെന്ന് തിട്ടൂരത്തിൽ നിർദേശിക്കുന്നു.സാമൂതിരി രാജയുടെ ഒപ്പോടുകൂടിയ ഈ രേഖ, കൃഷ്ണനാട്ടം കളിയോഗത്തിന്റെ ഭരണപരമായ ചരിത്രത്തിലെ അപൂർവ സാക്ഷ്യമായി ഇന്നും നിലനിൽക്കുന്നു.

ദേവസ്വം അധീനതയിലേക്കുള്ള യാത്ര

1952-ലാണ് സാമൂതിരി കോവിലകത്തിന്റെ കീഴിലായിരുന്ന കൃഷ്ണനാട്ടം കളിയോഗം ഗുരുവായൂർ ദേവസ്വത്തിന്റെ അധീനതയിലേക്കെത്തുന്നത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പിന്നീട് വീണ്ടും സാമൂതിരി കോവിലകത്തിലേക്ക് തിരിച്ചയക്കപ്പെട്ടു. തുടർന്ന് 1958 ജനുവരി 1 മുതൽ സ്ഥിരമായി ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.

ഇന്ന് ക്ഷേത്ര കലാനിലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കൃഷ്ണനാട്ടം കളിയോഗം ലോകപ്രശസ്തിയിലേക്ക് ഉയർന്നിരിക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് സമാനമായ ശമ്പളവും വിവിധ ആനുകൂല്യങ്ങളും ലഭിക്കുന്ന കലാകാരന്മാർ ഗുരുവായൂരപ്പന്റെ സേവകരായി ഈ പൈതൃക കലാരൂപത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്.

ചരിത്രരേഖകൾ പറയുന്നത്

110 വർഷം മുമ്പ് മാസപ്പടിക്കായി വിനയപൂർവം അപേക്ഷിച്ച കലാകാരന്മാരുടെയും, 97 വർഷം മുമ്പ് കളിയോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ഭരണപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കിയ സാമൂതിരിയുടെ തിട്ടൂരത്തിന്റെയും രേഖകൾ, ഗുരുവായൂർ കൃഷ്ണനാട്ടം കളിയോഗത്തിന്റെ വളർച്ചയുടെ അപൂർവ ചരിത്രസാക്ഷ്യങ്ങളാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചെങ്കിലും, ഗുരുവായൂരപ്പന്റെ സ്വന്തം കലാരൂപമായ കൃഷ്ണനാട്ടം ഇന്നും അതിന്റെ ആത്മീയതയും കലാമഹിമയും നിലനിർത്തി ഭക്തലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts