ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ വേദി ബി.ജെ.പി. പരിപാടിക്കായി ഉപയോഗിച്ചെന്ന് ആരോപണം; പരാതി നൽകാൻ മണ്ഡലം കോൺഗ്രസ് തീരുമാനം
ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി ബി.ജെ.പി.യുടെ രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നാരോപിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ബി.ജെ.പി. നേതാക്കളും, നഗരസഭാ കൗൺസിലർമാരും, രാഷ്ട്രീയ പ്രവർത്തകരും, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളും പങ്കെടുത്തത് പരിപാടിയുടെ സ്വഭാവത്തെ രാഷ്ട്രീയവത്കരിച്ചതായി കോൺഗ്രസ് ആരോപിച്ചു. പരിസ്ഥിതി സംരക്ഷണം പോലുള്ള പൊതുസമൂഹ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതും പൊതുജന വേദിയെ പാർട്ടി വേദിയാക്കി മാറ്റിയതും അപലപനീയവും അപഹാസ്യവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഗുരുവായൂർ ദേവസ്വം ഭരണകർത്താക്കളും ബി.ജെ.പി. നേതൃത്വവും തമ്മിലുള്ള സമകാലീന രാഷ്ട്രീയ ധാരണകളുടെ ഭാഗമായാണോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നതെന്ന സംശയവും യോഗം ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയും വിശ്വാസ്യതയും സംരക്ഷിക്കപ്പെടേണ്ട സാഹചര്യത്തിൽ, ഗുരുവായൂരിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനമായ ശ്രീകൃഷ്ണ ഹൈസ്കൂളിനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗിക പരാതി നൽകാനും യോഗം തീരുമാനിച്ചു.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിപാടികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. സൂരജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
