“നൂറ്റാണ്ടിന്റെ പൈതൃകം കാത്ത് പുതിയ ദീപസ്തംഭം; ഭക്തിനിർഭരമായി കാൽനാട്ടൽ കർമ്മം”: നൂറ്റാണ്ട് പഴക്കമുള്ള നാണയങ്ങൾ പുനർനിക്ഷേപിച്ചു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര കവാടത്തിന് സമീപം സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ദീപസ്തംഭം നവീകരിച്ച് പുനഃസ്ഥാപിക്കുന്നതിനുള്ള കാൽനാട്ടൽ കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ദീപസ്തംഭത്തിന്റെ അടിഭാഗത്തിനായി ചെമ്പോലയിൽ പൊതിഞ്ഞ നിലമ്പൂർ തേക്ക് കഴയാണ് കാൽനാട്ടി സ്ഥാപിച്ചത്.

രാവിലെ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ഭദ്രദീപം തെളിയിച്ച് കാൽനാട്ടൽ കർമ്മത്തിന് തുടക്കം കുറിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, എം. യു. ഷിനിജ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ ദീപസ്തംഭം ഇളക്കിമാറ്റിയപ്പോൾ ലഭിച്ച നൂറ് വർഷത്തിലേറെ പഴക്കമുള്ള നാണയങ്ങൾ പ്രത്യേക ചടങ്ങുകളോടെ വീണ്ടും മണ്ണിൽ നിക്ഷേപിച്ചു. ഇതോടൊപ്പം ജില്ലാ കളക്ടർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ സമർപ്പിച്ച നാണയത്തുട്ടുകളും കാൽനാട്ടിയ സ്ഥലത്ത് സമർപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിൽ നിന്നെത്തിച്ച വിശുദ്ധ തുളസിമാലകൾ തേക്ക് കഴയിൽ ചാർത്തി.

1909-ൽ ഗുരുവായൂർ ക്ഷേത്രത്തിന് ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയും പ്രഗൽഭ അഭിഭാഷകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മലയാളി പ്രസിഡന്റുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് നവീകരിച്ച ദീപസ്തംഭം തേക്ക് കഴ ഉപയോഗിച്ച് നിർമിക്കുന്നത്. പാരമ്പര്യവും ചരിത്രപൈതൃകവും സംരക്ഷിച്ചുകൊണ്ടുള്ള ഈ നവീകരണം ക്ഷേത്രത്തിന്റെ സാംസ്കാരിക മഹത്വത്തിന് കൂടുതൽ കരുത്തേകുന്നതാണ്.
ദീപസ്തംഭ നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിക്കുന്ന പൊന്നാനി സ്വദേശി സനൽ ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം ഡി.എ.എം. രാധ, ഡി.എ (അഡ്മിനിസ്ട്രേഷൻ) പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം.വി. രാജൻ, എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. അശോക് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.ബി. സാബു, ദേവസ്വം പി.ആർ.ഒ വിമൽ ജി. നാഥ്, അസിസ്റ്റന്റ് മാനേജർമാരായ സന്തോഷ്, രാമകൃഷ്ണൻ, സി.എസ്.ഒ മോഹൻകുമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രശസ്ത ശിൽപ്പികളായ എളവള്ളി നന്ദൻ, മായന്നൂർ രാമകൃഷ്ണൻ, മനോജ് പി. തങ്കമണി ആചാരി എന്നിവരുടെ മേൽനോട്ടത്തിലും കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ശിൽപ-വാസ്തു പാരമ്പര്യ മാർഗനിർദേശങ്ങൾ പിന്തുടർന്നുമാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ഭക്തി, പാരമ്പര്യം, ചരിത്രം എന്നിവയുടെ സംഗമമായി മാറിയ കാൽനാട്ടൽ ചടങ്ങ് ദേവസ്വം അധികൃതരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ശ്രദ്ധേയമായി.
