the digital signature of the temple city

വാതിൽമാടം നന്നാക്കാൻ 12 രൂപയുടെ കരാർ; 98 വർഷം പഴക്കമുള്ള ഗുരുവായൂർ ക്ഷേത്ര രേഖകൾ കൗതുകമുണർത്തുന്നു

സാമൂതിരി കോവിലകത്തിലെ അപൂർവ രേഖകൾ വെളിപ്പെടുത്തുന്നത് ക്ഷേത്ര പരിപാലനത്തിലെ കൃത്യതയും പൂജാചാരങ്ങളോടുള്ള അതീവ ബഹുമാനവും

ഗുരുവായൂർ: ഇന്നത്തെപ്പോലെ കരിങ്കല്ലുകളും ടൈൽസുകളും വിരിച്ച് മനോഹരമാക്കിയ വഴികളും പ്രദക്ഷിണപാതകളും ഇല്ലാതിരുന്ന കാലത്തും ഗുരുവായൂർ ക്ഷേേത്രത്തിന്റെ പരിപാലന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നുവെന്ന് തെളിയിക്കുന്ന അപൂർവ രേഖകളാണ് ഇപ്പോൾ ചരിത്രാന്വേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 1928-ൽ ഗുരുവായൂർ ക്ഷേത്രത്തിലെ വാതിൽമാടത്തിന്റെ നിലം കേടുവന്നതിനെത്തുടർന്ന് അത് നന്നാക്കുന്നതിനായി എടുത്ത നടപടികളെക്കുറിച്ചുള്ള സാമൂതിരി രേഖകളാണ് ക്ഷേത്ര ഭരണത്തിന്റെ കൃത്യതയും ദൂരക്കാഴ്ചയും വെളിപ്പെടുത്തുന്നത്.

ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ നാലമ്പലം, വാതിൽമാടം, മതിൽക്കകത്തെ വഴികൾ, ക്ഷേത്രപരിസരങ്ങൾ എന്നിവയോടൊപ്പം ഗുരുവായൂരപ്പന്റെ പള്ളിവേട്ടയും ആറാട്ടും പോലുള്ള പ്രധാന ചടങ്ങുകളുമായി ബന്ധപ്പെട്ട ഗ്രാമപ്രദക്ഷിണ വീഥികളും ഇന്ന് ഭക്തർക്ക് ഏറെ സൗകര്യപ്രദമായ രീതിയിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഒരു നൂറ്റാണ്ടിനടുത്ത് മുമ്പ് ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിൽ സ്വീകരിച്ചിരുന്ന നടപടികൾ ഇന്നും കൗതുകമുണർത്തുന്നതാണ്.

കോഴിക്കോട് സാമൂതിരി കോവിലകത്തിന്റെ ചരിത്രരേഖകളിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കത്തിൽ 1928 ഫെബ്രുവരി 15-ന് ഗുരുവായൂർ ദേവസ്വം മാനേജർ നൽകിയ റിപ്പോർട്ടാണ് ഇതിന് തെളിവാകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ മാനേജിംഗ് ട്രസ്റ്റിയായിരുന്ന സാമൂതിരി കോവിലകത്തിനെ അഭിസംബോധന ചെയ്ത് അയച്ച കത്തിൽ, ക്ഷേത്രത്തിനകത്തെ വാതിൽമാടത്തിലെ നിലം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് അടിയന്തരമായി നന്നാക്കേണ്ട സാഹചര്യമുണ്ടെന്നും അറിയിക്കുന്നു.

സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലം മുഴുവൻ ചരലും മണ്ണും ചേർത്ത് കിളച്ച് അടിച്ചു സമതലപ്പെടുത്തുന്നതിനുള്ള പ്രവൃത്തി 12 രൂപ കരാറിൽ ഏൽപ്പിച്ചുവെന്നും പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെന്നും മാനേജർ രേഖപ്പെടുത്തുന്നു. എന്നാൽ ക്ഷേത്രത്തിലെ പൂജാക്രമങ്ങൾക്ക് യാതൊരു വിധ തടസവും ഉണ്ടാകാതിരിക്കാൻ പ്രത്യേക നിബന്ധനകളും കരാറിൽ ഉൾപ്പെടുത്തിയിരുന്നു.

ഉച്ചപ്പൂജ കഴിഞ്ഞതിന് ശേഷമേ പ്രവൃത്തി ആരംഭിക്കാവൂ എന്നും വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി എല്ലാ ജോലികളും അവസാനിപ്പിക്കണമെന്നും കർശന നിർദേശം നൽകിയിരുന്നു. ഈ നിയന്ത്രണങ്ങൾ കാരണം തൊഴിലാളികളുടെ കൂലി വർധിച്ചിട്ടുണ്ടെന്നും അതിനാലാണ് ചെലവ് കൂടുതലായതെന്നും മാനേജർ വിശദീകരിക്കുന്നു. 12 രൂപയുടെ ചെലവ് അംഗീകരിക്കണമെന്നും അത് ഔദ്യോഗിക കണക്കിൽ രേഖപ്പെടുത്താൻ അനുമതി നൽകണമെന്നും സാമൂതിരിയോട് അപേക്ഷിക്കുന്നതോടെയാണ് കത്ത് അവസാനിക്കുന്നത്.

ക്ഷേത്രത്തിലെ ദൈനംദിന പൂജകളും ആചാരാനുഷ്ഠാനങ്ങളും ഒരു നിമിഷം പോലും തടസപ്പെടാതിരിക്കാനുള്ള ഭരണാധികാരികളുടെ കരുതലും ഉത്തരവാദിത്വബോധവുമാണ് ഈ രേഖ വ്യക്തമാക്കുന്നത്. അതേസമയം, ക്ഷേത്രത്തിന്റെ പരിപാലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും അന്നേകാലത്ത് നൽകിയിരുന്ന പ്രാധാന്യവും ഇതിലൂടെ വ്യക്തമാകുന്നു.

കാലം മാറിയെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിന്റെ മഹത്വവും പരിപാലന പാരമ്പര്യവും അതേപടി നിലനിൽക്കുന്നതിന്റെ ചരിത്രസാക്ഷ്യമായി ഈ 98 വർഷം പഴക്കമുള്ള രേഖ ഇന്നും ശ്രദ്ധേയമാണ്.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts