ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും സഹനത്തിന്റേയും മഹത്തായ സന്ദേശം മനുഷ്യരിലേക്കെത്തിക്കുന്ന ഈദുല്‍ അദ്ഹ, അഥവാ ബക്രീദ്, ആത്മീയതയുടെയും സാഹോദര്യത്തിന്റെയും ഉന്നത പ്രതീകമായാണ് ലോകം ഏറ്റെടുക്കുന്നത്. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ ഭേദിച്ച് മനുഷ്യസ്നേഹത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമായി ഈദ് ആഘോഷം മാറുകയാണ്.
ഇസ്ലാമിക വിശ്വാസപ്രകാരം, പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രന് ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയര്‍പ്പിക്കാന്‍ തയ്യാറായതിന്റെ ഓര്‍മപുതുക്കലാണ് ബലിപെരുന്നാള്‍. അതീവ പ്രിയപ്പെട്ട മകനെ പോലും ദൈവനിര്ദേശത്തിനുമുന്നില് സമര്‍പ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഇബ്രാഹിം നബിയുടെ അചഞ്ചല വിശ്വാസവും ഭക്തിയും ഇന്നും വിശ്വാസികള്‍ക്ക് പ്രചോദനമാണ്. അല്ലാഹുവിനോടുള്ള സമ്പൂര്‍ണ ആത്മസമര്‍പ്പണത്തിന്റെയും അനുസരണയുടെയും മഹത്വമാണ് ഈ ദിനം ഓര്‍മപ്പെടുത്തുന്നത്.
ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പരിസമാപ്തിയോടനുബന്ധിച്ചും ബലിപെരുന്നാള്‍ ലോകമെമ്പാടും ആചരിക്കപ്പെടുന്നു. വിശുദ്ധ നഗരമായ മക്കയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒരുമിക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ മനുഷ്യസമത്വത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ ദൃശ്യമായി മാറുന്നു. മതം, ഭാഷ, ദേശം എന്നിവയുടെ അതിരുകള്‍ക്കപ്പുറം മനുഷ്യരെ ഒരുമിപ്പിക്കുന്ന സന്ദേശമാണ് ഈദ് ലോകത്തിന് നല്‍കുന്നത്.
പെരുന്നാള്‍ നമസ്കാരങ്ങളും ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനകളും കുടുംബസംഗമങ്ങളും സ്നേഹവിരുന്നുകളും ചേര്‍ന്ന് ആഘോഷം കൂടുതല്‍ മനോഹരമാകുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കൊപ്പം സന്തോഷം പങ്കിടുകയും പരസ്പര സ്നേഹവും കരുണയും വളര്‍ത്തുകയും ചെയ്യുന്നതിലൂടെ ബക്രീദ് സമൂഹത്തില്‍ മാനവിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നു.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി എത്തുന്ന ഈ ബലിപെരുന്നാള്‍ എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
എല്ലാവര്ക്കും ഗുരുവായൂർ ഓൺലൈന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍.
