സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ അന്വേഷണം ശക്തം; 242 അക്കൗണ്ടുകളില്‍ നിന്ന് 18.36 കോടി രൂപ മരവിപ്പിച്ചതായി ഇഡി
തിരുവനന്തപുരം: സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം കൂടുതല്‍ കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് ഇഡി മരവിപ്പിച്ചു. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തതായി സ്ഥിരീകരിച്ചു.
കേസുമായി ബന്ധപ്പെട്ട പരിശോധനകളില്‍ നിരവധി കുറ്റകരമായ രേഖകള്‍, രഹസ്യ സാമ്പത്തിക ഇടപാട് വിവരങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, ഫിക്സഡ് ഡെപ്പോസിറ്റ് രേഖകള്‍ എന്നിവ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായും കേന്ദ്ര ഏജന്‍സി വ്യക്തമാക്കി. ലഭിച്ച രേഖകള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും, സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി സ്വീകരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകാമെന്നുമാണ് ഇഡി വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇതിനിടെ തിരുവനന്തപുരത്ത് ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന വിലയിരുത്തലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ടുവച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് കേന്ദ്ര ഏജന്‍സിയുടെ ആരോപണം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയവും ഇഡി രേഖപ്പെടുത്തി.
പിണറായി വിജയന്റെ വസതിയില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി സംഘത്തെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കല്ലേറും ചെരുപ്പേറും ഉള്‍പ്പെടെയുള്ള പ്രതിഷേധം അതിരുവിട്ടതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഇഡി സെര്‍ച്ച് ടീമും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.
സംഭവത്തില്‍ വാഹന ഡ്രൈവര്‍മാരില്‍ ഒരാള്‍ക്ക് കണ്ണിന് പരുക്കേറ്റതായും ഇഡി അറിയിച്ചു. അതേസമയം, ജനക്കൂട്ടത്തിനെതിരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ യാതൊരു തരത്തിലുള്ള ആക്രമണ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും, എല്ലാ നിയമ നടപടിക്രമങ്ങളും പാലിച്ച ശേഷമാണ് പരിശോധന നടത്തിയതെന്നും ഇഡി പ്രസ്താവനയില്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം പൊലീസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും, കേസുമായി ബന്ധപ്പെട്ട അന്വേഷണം എല്ലാ തലങ്ങളിലുമായി പുരോഗമിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
