ഗീതാഗോവിന്ദത്തിന്റെ ഭക്തിസാന്ദ്രത നിറഞ്ഞ വേദിയിൽ സംഗീത-സാഹിത്യ പ്രതിഭകളുടെ സംഗമം

ഗുരുവായൂർ: ഭക്തിസംഗീതത്തിന്റെ മാധുര്യവും ഗീതാഗോവിന്ദത്തിന്റെ ആത്മീയ സാന്നിധ്യവും നിറഞ്ഞ അന്തരീക്ഷത്തിൽ ഗീതാഗോവിന്ദം ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജയദേവ സ്മൃതി സദസും അഷ്ടപദി സംഗമവും ഗുരുവായൂരിൽ ഭക്തിനിർഭരമായി നടന്നു.
സോപാന സംഗീത കുലപതി ജനാർദ്ദനൻ നെടുങ്ങാടിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന ജയദേവ പുരസ്കാരം ഈ വർഷം പ്രശസ്ത അഷ്ടപദി ഗായകൻ വടക്കേപ്പാട്ട് കൃഷ്ണകുമാറിന് സമ്മാനിച്ചു. മേളപ്രമാണികൻ പെരുവനം കുട്ടൻ മാരാർ പുരസ്കാര സമർപ്പണം നിർവഹിക്കുകയും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഗീതാഗോവിന്ദം ട്രസ്റ്റ് ചെയർമാൻ ഗുരുവായൂർ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. അഷ്ടപദി ഗായകരായ അമ്പലപ്പുഴ വിജയകുമാർ, തൃക്കാമ്പുറം ജയദേവ മാരാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.ചടങ്ങിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, ശോഭ ഹരിനാരായണൻ, വത്സൻ തീയ്യാടി, ഡോ. കെ.ബി. പ്രഭാകരൻ, ആർ. നാരായണൻ, ഡോ. പി.കെ. ഭദ്ര, രവി ചങ്കത്ത്, കല്ലൂർ ഉണ്ണികൃഷ്ണൻ, കെ.പി. കരുണാകരൻ, ബാലൻ വാറണാട്ട്, ഉണ്ണികൃഷ്ണൻ നെടുങ്ങാടി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
501 കലാകാരന്മാരെ പങ്കെടുപ്പിച്ച് ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം സംഘടിപ്പിച്ച ശ്രീദേവി അങ്ങാടിപ്പുറം ചടങ്ങിൽ ആദരിക്കപ്പെട്ടു. ചടങ്ങിന്റെ ഭാഗമായി പുരസ്കാര ജേതാവായ വടക്കേപ്പാട്ട് കൃഷ്ണകുമാറിന്റെ ഭക്തിസാന്ദ്രമായ അഷ്ടപദി കച്ചേരി അരങ്ങേറി.പ്രശസ്ത ഇടക്ക കലാകാരൻ ഗുരുവായൂർ ശശി മാരാർ ഇടക്ക വാദ്യവുമായി ചടങ്ങിന് കൂടുതൽ ഭക്തിനിർഭരത പകർന്നു.
ഗീതാഗോവിന്ദത്തിന്റെ അനശ്വര കാവ്യസൗന്ദര്യവും അഷ്ടപദിയുടെ സംഗീതമാധുര്യവും ഒത്തുചേർന്ന ഈ സ്മൃതി സദസ് ഗുരുവായൂരിന്റെ സാംസ്കാരിക പാരമ്പര്യത്തിന് കൂടുതൽ തിളക്കം പകർന്ന ഒരു അപൂർവ കലാസന്ധ്യയായി മാറി.
