‘മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾക്ക് ബുദ്ധിമുട്ടാകരുത്’; അധിക സുരക്ഷാ വാഹനങ്ങൾക്ക് വിലക്ക്, ലളിതമായ യാത്രാശൈലിയുമായി നിയുക്ത മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്ര ജനജീവിതത്തെ ബാധിക്കരുതെന്ന വ്യക്തമായ നിലപാടുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്. പൈലറ്റ് വാഹനവും നിർബന്ധമായ എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ ഔദ്യോഗിക വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം.
യാത്രയ്ക്കിടെ സാധാരണ ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കണമെന്നും, റോഡുകൾ അനാവശ്യമായി ബ്ലോക്ക് ചെയ്യരുതെന്നും, ഗതാഗതം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും സതീശൻ നിർദേശിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ദീർഘനേരം വാഹനങ്ങൾ തടഞ്ഞുനിർത്തുന്ന പതിവ് ഒഴിവാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് എസ്കോർട്ട് വാഹനം പൂർണമായി ഒഴിവാക്കണമെന്ന സതീശന്റെ ആദ്യ നിലപാട് പൊലീസ് അംഗീകരിച്ചില്ല. നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കുറഞ്ഞ തോതിലുള്ള എസ്കോർട്ട് സംവിധാനം തുടരുമെന്ന നിലപാടിലാണ് പൊലീസ്.
നവകേരള യാത്രക്കാലത്ത് മുഖ്യമന്ത്രിയുടെ യാത്രയെ അനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതും, ട്രാഫിക് സിഗ്നലുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും യാത്രക്കാരർക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അധികാരമേൽക്കുന്നതിന് മുമ്പുതന്നെ ഭരണശൈലിയിൽ വ്യത്യസ്തത പ്രകടമാക്കി വി ഡി സതീശൻ പുതിയ സന്ദേശം നൽകുന്നത്. “മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ജനങ്ങൾ കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടാകരുത്” എന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും സതീശന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ സതീശൻ നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
സാധാരണക്കാരുടെ സമയത്തിനും യാത്രാസൗകര്യത്തിനും പ്രാധാന്യം നൽകുന്ന സമീപനത്തിലൂടെ ഭരണത്തിൽ ലാളിത്യവും ജനകീയതയും ഉറപ്പാക്കുമെന്ന സൂചനയാണ് നിയുക്ത മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിലൂടെ ലഭിക്കുന്നത്. അധികാരത്തിന്റെ പ്രൗഢിയേക്കാൾ പൊതുജനങ്ങളുടെ സൗകര്യത്തിനാണ് മുൻഗണനയെന്ന് വ്യക്തമാക്കുന്ന തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ വിലയിരുത്തുന്നത്.
