മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ നന്ദി രേഖപ്പെടുത്തി വി ഡി സതീശന്‍; പാര്‍ട്ടിയും ജനങ്ങളും ഏല്‍പ്പിച്ച ഉത്തരവാദിത്തം അര്‍പ്പണബോധത്തോടെ നിറവേറ്റുമെന്ന് പ്രഖ്യാപനം
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി വി ഡി സതീശന്‍. തന്നെ ഈ വലിയ ഉത്തരവാദിത്തത്തിലേക്ക് ഉയര്‍ത്തിയ പാര്‍ട്ടിയോടും ജനങ്ങളോടും സഹപ്രവര്‍ത്തകരോടും ഘടകക്ഷികളോടും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, മുഖ്യമന്ത്രിപദവി ഒരു അധികാരമല്ല മറിച്ച് ജനസേവനത്തിനുള്ള ദൈവീയ നിയോഗമാണെന്ന് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും തന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന നേതാക്കളായി വിശേഷിപ്പിച്ച വി ഡി സതീശന്‍, “കെ സിയും ചെന്നിത്തലയും എന്റെ നേതാക്കളാണ്. അവരുടെ അനുഭവവും പിന്തുണയും പുതിയ സര്‍ക്കാരിന് കരുത്താകും” എന്ന് വ്യക്തമാക്കി.
കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക-സാമൂഹിക വെല്ലുവിളികള്‍ മറികടക്കാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. “ഒരാളെക്കൊണ്ട് മാത്രം ഒന്നും സാധ്യമല്ല. പുതിയ കേരളം സൃഷ്ടിക്കാന്‍ നല്ലൊരു ടീം വേണം. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്ത്, അര്‍പ്പണബോധത്തോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകും” എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ രമേശ് ചെന്നിത്തലയോടും എഐസിസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കെ സി വേണുഗോപാലിനോടും അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി നേതാക്കള്‍, ഘടകക്ഷി പ്രതിനിധികള്‍, ദീപാദാസ് മുന്‍ഷി എന്നിവരുടെയും പിന്തുണ നിര്‍ണായകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് മുന്നിലുള്ള വികസന ദൗത്യങ്ങളും ഭരണപരിഷ്‌കാരങ്ങളും കാര്യക്ഷമമായി നടപ്പാക്കാന്‍ യുവത്വവും പരിചയസമ്പത്തും കൈകോർക്കുന്ന മന്ത്രിസഭയാകും രൂപീകരിക്കുകയെന്ന് സൂചന നല്‍കിയ വി ഡി സതീശന്‍, ജനങ്ങള്‍ക്ക് മുന്നില്‍ വാഗ്ദാനം ചെയ്ത “പുതിയ കേരളം” യാഥാര്‍ഥ്യമാക്കുക തന്നെയാണ് തന്റെ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി.
