the digital signature of the temple city

കേരളത്തിന് പുതിയ നേതൃത്വം; വി.ഡി. സതീശൻ മുഖ്യമന്ത്രി, എഐസിസി ഔദ്യോഗിക പ്രഖ്യാപനം നടത്തി

ആകാംക്ഷയ്ക്ക് വിരാമം; കോൺഗ്രസ് തീരുമാനം പുറത്തുവന്നു, ആഘോഷത്തിൽ പ്രവർത്തകർ

തിരുവനന്തപുരം: ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കും ഒടുവിൽ വിരാമമായി. കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടു. ഡൽഹിയിൽ നടന്ന നിർണായക ചർച്ചകൾക്കൊടുവിൽ എഐസിസി വാർത്താസമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചർച്ചയായിരുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിന് അന്തിമതീരുമാനമായി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനം കൈകൊണ്ടത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും നിയമസഭാ കക്ഷിയിലെ അഭിപ്രായങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് വി.ഡി. സതീശന്റെ പേരിൽ ദേശീയ നേതൃത്വം ഏകകണ്ഠമായ തീരുമാനം എടുത്തത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷംവരെ കെ.സി. വേണുഗോപാൽ അടക്കമുള്ള പേരുകൾ സജീവ ചർച്ചകളിൽ ഉണ്ടായിരുന്നുവെങ്കിലും, പൊതുസമ്മതിയും പാർട്ടിക്കകത്തെ പിന്തുണയും മുൻനിർത്തിയാണ് വി.ഡി. സതീശനെ തെരഞ്ഞെടുത്തതെന്ന് നേതാക്കൾ വ്യക്തമാക്കി. കേരളത്തിലെ കോൺഗ്രസ് സംഘടനയെ ശക്തിപ്പെടുത്തുന്നതിലും നിയമസഭയിൽ ശക്തമായ പ്രതിപക്ഷ നേതാവെന്ന നിലയിലും വി.ഡി. സതീശൻ കൈവരിച്ച അംഗീകാരം നിർണായകമായി.

എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി നടത്തിയ ആശയവിനിമയവും ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിച്ചാണ് തീരുമാനം കൈകൊണ്ടതെന്ന് അവർ അറിയിച്ചു.

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികൾ വി.ഡി. സതീശന്റെ സ്ഥാനാരോഹണത്തെ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ വികസന-ഭരണ വിഷയങ്ങളിൽ പുതിയ ദിശാബോധം നൽകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് നേതാക്കൾ പ്രതികരിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി. പാർട്ടി ഓഫീസുകൾക്കു മുന്നിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ സന്തോഷം പങ്കുവച്ചു. സാമൂഹ്യമാധ്യമങ്ങളിലും അഭിനന്ദന പ്രവാഹമാണ്.

സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകുന്ന ഈ പ്രഖ്യാപനം കോൺഗ്രസിനും യു.ഡി.എഫിനും വലിയ ആത്മവിശ്വാസം നൽകുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts