ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത്; നിയമസഭാ കക്ഷിയോഗത്തിന് പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപനം, സസ്‌പെൻസ് അവസാനഘട്ടത്തിൽ
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള അനിശ്ചിതത്വം അവസാനിക്കാനിരിക്കെ, ഡൽഹിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ കേരളത്തിലേക്ക് തിരിക്കുന്നതായി സൂചന. വൈകിട്ട് നാല് മണിയോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നോടിയായ നിർണായക ചർച്ചകൾക്കും അവസാനഘട്ട നടപടികൾക്കുമായി ദേശീയ നേതൃത്വത്തിന്റെ സാന്നിധ്യം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ആകാംക്ഷ സൃഷ്ടിച്ചിരിക്കുകയാണ്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനും മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ കൈമാറാനുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, ദീപാദാസ് മുൻഷി എന്നിവർ എത്തും. ഇവർ കേരളത്തിലെത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനം ഇറക്കുന്നതിനായി സിവിൽ ഏവിയേഷൻ അധികൃതരോട് പ്രത്യേക അനുമതി കോൺഗ്രസ് തേടിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് നിയമസഭാ കക്ഷിയോഗം ചേരാനിരിക്കുകയാണ്. ഈ യോഗത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും പൊതുജനങ്ങളും.
അതേസമയം, ചാർട്ടേഡ് വിമാനത്തിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഉണ്ടാകുമോ എന്ന ചോദ്യവും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുകയാണ്. ദേശീയ നേതൃത്വത്തോടുള്ള അടുത്ത ബന്ധവും കേരളത്തിലെ അധികാര രൂപീകരണത്തിൽ നിർണായക പങ്കുമുള്ള കെ സി വേണുഗോപാലിന്റെ സാന്നിധ്യം പ്രഖ്യാപനത്തിന് കൂടുതൽ പ്രാധാന്യം നൽകും.
മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം. ഇതിനായുള്ള അവസാനഘട്ട നടപടിക്രമങ്ങളാണ് കോൺഗ്രസ് നേതൃത്വം പൂർത്തിയാക്കുന്നത്. ഇതിനിടെ മുൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുടുംബവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങൾ മുഴുവൻ കാത്തിരിപ്പിലാണ്.
ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കെ സി വേണുഗോപാൽ നടത്തിയ കൂടിക്കാഴ്ചയും പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ നടക്കാനിരിക്കെ, ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്നതിൽ വ്യക്തതയില്ല. അവസാന നിമിഷ നിർദ്ദേശങ്ങളോ സ്ഥാനനിർണയവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകളോ ആയിരിക്കാമെന്നാണ് വിലയിരുത്തൽ.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചോദ്യമായ “മുഖ്യമന്ത്രി ആര്?” എന്നതിന് മണിക്കൂറുകൾക്കകം ഉത്തരമെത്തുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകരും കേരള ജനതയും.
