.
ഗുരുവായൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു ദർശനത്തിനെത്തും. രാവിലെ 8.50നു ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഒമ്പതിനു ക്ഷേത്രത്തിൽ പ്രവേശിച്ച് അര മണിക്കൂർ ദർശനം നടത്തും. 9.50നു മടങ്ങും.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ചൂണ്ടൽ മുതൽ ഗുരുവായൂർ വരെ രാവിലെ എട്ടുമുതൽ പത്തുവരെ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ പോലും കടത്തിവിടില്ല. തൃശൂർ ഭാഗത്തുനിന്നു ഗുരുവായൂരിലേക്കു വരുന്ന വാഹനങ്ങൾ ചൂണ്ടലിൽനിന്ന് കുന്നംകുളം വഴി പോകണം. ഗുരുവായൂർ കൈരളി ജംഗ്ഷനിലെത്തി മടങ്ങണം. വടക്കേ ഔട്ടർറിംഗ് റോഡുവഴി സ്റ്റാൻഡിലേക്കു പ്രവേശനമില്ല.
രാവിലെ എട്ടുമുതൽ ഉപരാഷ്ട്രപതി മടങ്ങുന്നതുവരെ ക്ഷേത്ര നടപ്പന്തലുകളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ഈ സമയങ്ങളിൽ വിവാഹം, ചോറൂണ് എന്നിവയും നടക്കില്ല. ഏഴര മുതൽ 9.30 വരെ ക്ഷേത്രദർശനം അനുവദിക്കില്ല. നിയന്ത്രണസമയങ്ങളിൽ തെക്കേ നടപ്പന്തലിലെ കടകൾ അടച്ചിടും.
സുരക്ഷാ ക്രമീകരണങ്ങൾ ക്കായി 800 പോലീസുകാരുണ്ടാകും. ഡിജിപി രവാഡ ചന്ദ്ര ശേഖരൻ, ഐജി രാജ്പാൽ മീ ണ, ഡിഐജി ഹരിശങ്കർ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ എന്നിവർ ഞായറാഴ്ച ഗുരുവായൂരിലെത്തി കമീകരണങ്ങൾ വിലയിരുത്തി


