ചന്ദനച്ചാർത്തിൽ ബലരാമനായ്
വായുപുരേശൻ വിളങ്ങിടുന്നൂ
ആ വലംകൈയിൽ കലപ്പയേന്തി
തോളോടു ചായ്ച്ചിന്നു കാണ്മതുണ്ട്
മൗലിയിൽ കാണാം കളഭത്താലേ
ചേലായ്ച്ചമച്ച മകുടമൊന്നും
മേലെയതാ ചുറ്റിവച്ചു കാണ്മൂ
നല്ല പൂമാലകൾ ഭംഗിയോടെ
നെറ്റിമേൽ, കാതിലും സ്വർണ്ണഗോപി
കാതിൽ പൊൻപൂക്കളുമുണ്ടു ചേലായ്
സ്വർണ്ണമാല്യങ്ങൾ വനമാലകൾ
പൊൻഗോപിയും മാറിൽ മിന്നിടുന്നു
കങ്കണം തോൾവള കിങ്ങിണിയും
രാമനണിഞ്ഞിന്നു കാണ്മതുണ്ടേ
തൂക്കിപ്പിടിച്ചങ്ങിടംകൈയിലായ്
രാമൻ്റെയഗ്ഗദയൊന്നു കാണാം
ചെമ്പട്ടു നന്നായ് ഞൊറിഞ്ഞുടുത്തു
പൊൻതള തൃപ്പദേ ചാർത്തി ചെമ്മേ
ശ്രീ ബലഭദ്രൻ വിളങ്ങിടുന്നൂ
ശ്രീലകത്തിന്നതാ മോദമോടേ
തൃച്ചരണങ്ങളിൽ വീണുകൂപ്പാ-
മച്യുതനാമങ്ങളുച്ചരിക്കാം
രാമാ! ഹരേ! ജയ ! കൃഷ്ണാ! ഹരേ!
വായുഗേഹാധിപാ! കൃഷ്ണാ! ഹരേ!
(വൃത്തം: മാവേലി)