ഞാൻ കൊച്ചി! ലോകഭൂപടത്തിൽ മിഴിവോടെ, തലയുയർത്തി നിവർന്നുനില്ക്കുന്ന കായൽ നഗരം! പഴമയുടെ ആഭിജാത്യവും ആധു നികതയുടെ പകിട്ടും കൈകോർത്തുനില്ക്കുന്ന ആരാമം! കാഴ്ച്ഛക്കാരുടെ കരളും മിഴിയും കവരാൻ കെല്‌പുള്ള കേദാരഭൂമി! ‘മാടഭൂമി’, ‘ഗോശ്രീപുരം’ എന്നൊക്കെ പൂർവപിതാമഹർ എന്നെ വിളിച്ചുപോന്നു. ഞാൻ സ്വയംഭൂവോ മനുഷ്യസൃഷ്‌ടിയോ എന്നെനിക്കുറപ്പില്ല. യുഗപുരു ഷൻ മഴുവെറിഞ്ഞ് സമുദ്രത്തിൽനിന്ന് എൻ്റെ മാതാവായ കൈരളിയെ വീണ്ടെടുക്കുകയായിരുന്നെന്ന് ഒരു ഐതിഹ്യമുണ്ട്. അതല്ല ആസ്റ്റ്രോ ദ്രവീഡിയൻസ് എന്ന ഗിരിവർഗ്ഗക്കാർ ജലപ്പരപ്പിൽ മണ്ണും ചെളിയും ചൊരിഞ്ഞ് സൃഷ്ട്‌ടിച്ചെടുത്ത ഭൂപ്രദേശമാണ് കേരളമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. എന്തായാലും ദേവഭൂമിയായ മലയാളത്തിൻ്റെ ഏക ദേശം ഒത്ത മദ്ധ്യത്തിൽത്തന്നെയാണ് എൻ്റെ സ്ഥാനമെന്നതു നിർണ്ണയം.
കാലം മുൻപോട്ടു ചലിക്കുന്നതിനനുസരിച്ച് എൻ്റെ ബാഹ്യരൂപം നിര ന്തരമായ പരിണാമത്തിനു വിധേയമായിക്കൊണ്ടേയിരിക്കുന്നു. ഉച്ചനീച ത്വങ്ങൾക്കും ഞാൻ ഇരയായിട്ടുണ്ടാവാം. എന്നാൽ, എന്നെ ഒരുനോക്കു കാണാൻ എത്ര പേരാണെന്നോ വർഷംതോറും കടൽകടന്നെത്തുന്നത്! എന്റെ മാറിൽ ചേക്കേറാനൊരിടം തേടിയെത്തുന്നവരുമുണ്ട്. എന്റെ മണ്ണി നിന്നു പൊന്നിൻ്റെ വിലയാണ്. സൗഭാഗ്യങ്ങളുടെ കൊടുമുടിയിലിരുന്നു കൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ, എല്ലാറ്റിനും വഴിയൊരുങ്ങിയത് ഏക ദേശം രണ്ടരശതാബ്ദങ്ങൾക്കുമുൻപാണ് എന്നുതന്നെ ഞാൻ വിശ്വസി ക്കുന്നു.
എന്റെ ഇന്നോളമുള്ള ജീവചരിത്രത്തിൽ ഏറെ സ്തോഭജനകവും അത്യുജ്വലവുമായ ഒരേടുണ്ട്. കല്‌പാന്തകാലത്തോളം എന്റെ സ്മരണ കളെ പ്രോജ്വലിപ്പിക്കുന്ന, ഓർക്കെയോർക്കെ എന്നെ ആവേശംകൊള്ളി ക്കുന്ന ഒരു വീരഗാഥ! എന്നെ സ്നേഹിക്കുന്നവർക്കുമുൻപിൽ, എന്നെ അറിയാനാഗ്രഹിക്കുന്നവർക്കു മുൻപിൽ ഞാനാ കഥയുടെ മറനീക്കാം. ഒരു ചരിത്രാന്വേഷിയുടെ സൂക്ഷ്‌മനിരീക്ഷണമോ, ഒരാഖ്യാതാവിന്റെ കാല്‌പനികതയോ അവകാശപ്പെടാൻ ഞാനൊരുക്കമല്ല. പദസമ്പത്തിന്റെ കാര്യത്തിൽ ഞാനൊട്ടുമേ സമ്പന്നയല്ല. എങ്കിലും രാജാധികാരത്തി ന്റെയും ആജ്ഞാശക്തിയുടെയും വൈഭവങ്ങൾ തികഞ്ഞ,
പ്രൗഢഗംഭീരമായ ആ ചരിതം വിവരിക്കാൻ ഞാനിതാ ഒരുങ്ങുകയാ ണ്. ചുരുങ്ങിയ വാക്കുകളും ഹ്രസ്വമായ വാചകങ്ങളുമാണ് എന്റെ പിൻബലം. ഒരു തയ്യാറെടുപ്പെന്നനിലയ്ക്ക് ഇന്നലെകളുടെയും ഇന്നി ന്റെയും ഇഴകളെ കോർത്തിണക്കിക്കൊണ്ട് ചില വസ്തുതകൾ പറയാം; കേട്ടുകൊള്ളു.
നാട്ടുരാജ്യം എന്ന പദവിയിൽ വിരാജിച്ചിരുന്ന കാലത്ത് സമതലപ്ര ദേശങ്ങളും കടൽത്തീരവും കൂടാതെ മലനിരകളും താഴ്വാരങ്ങളും എനിക്കു സ്വന്തമായിരുന്നു. ഉഷ്‌ണപ്രദേശമായിരുന്നെങ്കിലും മഴ സമ്യ ദ്ധമായിരുന്നു. അതുകൊണ്ടുതന്നെ കാടുകൾക്കു യാതൊരു കുറവുമു ണ്ടായിരുന്നില്ല. തേക്ക്, ഈട്ടി, ചന്ദനം, അകിൽ തുടങ്ങിയ വിലപിടിച്ച മരങ്ങൾ ഇടതൂർന്നു വളരുന്ന കാടുകളിൽ ആന, പുലി, കാട്ടുപോത്ത് മുതലായ വന്യമൃഗങ്ങൾ പെറ്റുപെരുകി. കാട്ടുപക്ഷികൾ, പെരുമ്പാമ്പു കൾ എന്നിവ ഈ മൃഗങ്ങൾക്കു കൂട്ടായി. ഏലം, കരയാമ്പൂ, ജാതി, കറുവ പ്പട്ട, കുരുമുളക് തുടങ്ങിയവ മലയോരങ്ങളെ സമ്പന്നമാക്കി. തീരപ്രദേ ശങ്ങളിൽ തെങ്ങ്, വയലുകളിൽ നെല്ല്, ഉപവനങ്ങളിൽ മാവ്, പ്ലാവ്, കവുങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങൾ! കൊന്ന, അശോകം മുതലായ പൂമര ങ്ങൾ! എന്റെ പ്രിയപുതൻ ചങ്ങമ്പുഴ പാടിയപോലെ, “എവിടെത്തിരിഞ്ഞങ്ങു നോക്കിയാലെ- ന്തവിടെല്ലാം പൂത്തമരങ്ങൾ മാത്രം. ഒരുകൊച്ചു കാറ്റെങ്ങാൻ വീശിയെന്നാൽ തുരുതുരെപ്പുമഴയായി പിന്നെ.”
എന്ന മട്ട്!
ജലസമ്പത്തിലും ഞാൻ ഭാഗ്യവതിയായിരുന്നു. എന്റെ ശരീരത്തെ തഴുകിയിരുന്ന നിള എന്ന ഭാരതപ്പുഴ (പേരാർ) ഇന്നെനിക്കു സ്വന്തമല്ല. പക്ഷേ, പെരിയാറിൻ്റെ കൈവഴികളും മറ്റു ചില പോഷകനദികളും ഇന്നും എന്റെ മാറിലൂടെ പ്രവഹിക്കുന്നു. ഇവയെല്ലാം ചേർന്ന് ജലാശയങ്ങളായി എന്റെ പടിഞ്ഞാറേ അതിർത്തിയെ അലങ്കരിക്കുന്ന അറബിക്കട ലിൽച്ചെന്നു ലയിക്കുന്നു. കൊച്ചിക്കായൽ എന്നറിയപ്പെടുന്ന വേമ്പനാട്ടു കായലും കുമ്പളംകായലും മനക്കോടിക്കായലുമാണ് ഈ ജലാശയങ്ങൾ. കുമ്പളം, വെണ്ടുരുത്തി, കുമ്പളങ്ങി, പോഞ്ഞിക്കര തുടങ്ങിയ ദ്വീപു കളെ മരതകകാന്തിയോലുന്ന മലർവാടികൾ എന്നു വിശേഷിപ്പിക്കാം. ദ്വീപുകളിൽ പലതും ഇപ്പോൾ എൻ്റെ വരുതിയിലല്ല. ഇന്ന് പാലങ്ങൾവഴി ഇവ പരസ്‌പരം ബന്ധിതമാണ്. ഇടയിലൊരുകാര്യം പറയേണ്ടതുണ്ട്. ക്രിസ്ത്വബ്ദം 1930, 1931, 1932 എന്നീ മൂന്നു വർഷങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമാണ്. സർ റോബർട്ട് ബ്രിസ്റ്റോ
എന്ന ബ്രിട്ടീഷുകാരൻ്റെ ഉത്സാഹത്തിൽ വില്ലിംഗ്‌ടൺ ഐലന്റ് എന്ന കൃത്രിമദ്വീപ് രൂപംകൊണ്ടത് ഈ കാലഘട്ടത്തിലാണ്. കൊച്ചി തുറമു ഖത്തിന്റെ വളർച്ചയിൽ ഈ സംരംഭം ഒരു നാഴികക്കല്ലായിത്തീർന്നു.
നാനാ ജാതിമതസ്ഥർ സൗഹാർദ്ദം പങ്കിട്ടുകൊണ്ട് രമ്യതയോടെ വസി ക്കുന്ന കൂട്ടുകുടുംബം എന്ന ഖ്യാതി എനിക്കു സ്വന്തമാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇസ്ലാമുകളും മാത്രമല്ല ജൈനർ, ബനിയാന്മാർ, ഗൗഡ സാരസ്വതർ, തമിഴ് ബ്രാഹ്മണർ, വൈശ്യർ, ദേവദാസികൾ, ആഗ്ലോ ഇന്ത്യൻ വംശജർ എന്നിവരും എനിക്കു പ്രജകളായുണ്ട്. ഏകദേശം നാനു റ്റൻപതു വർഷങ്ങൾക്കു മുൻപ് കച്ചവടത്തിനായി കടൽകടന്നെത്തിയ ജൂതന്മാരിൽ ഭൂരിപക്ഷവും ജന്മനാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു. വിരലിലെ ണ്ണാവുന്ന ചിലർ മാത്രം ഇന്നും എൻ്റെ തണലത്തവശേഷിക്കുന്നു. ഓണവും ക്രിസ്തുമസ്സും റംസാനും ഹോളിയുമൊക്കെ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഈ ജനതയാണെൻ്റെ ഏറ്റവും വലിയ സൗഭാഗ്യം.
ഭരണസൗകര്യത്തിനായി മുൻപ് എൻ്റെ രക്ഷാധികാരികൾ ചില പരി ഷ്കാരങ്ങൾ ഏർപ്പെടുത്തിയിരുന്നു, അവർ എന്നെ താലുക്കുകളായി വിഭ ജിച്ചു. കണയന്നൂർ താലൂക്ക്, കൊടുങ്ങല്ലൂർ താലൂക്ക്, മുകുന്ദപുരം താലൂക്ക്, തൃശ്ശിവപേരൂർ താലൂക്ക്, തലപ്പിള്ളിത്താലൂക്ക്, ചിറ്റൂർ താലൂക്ക് എന്നിങ്ങനെയായിരുന്നു വിഭജനം. ഓരോ താലൂക്കിലും പട്ടണങ്ങളും വില്ലേജുകളും ഉണ്ടായിരുന്നു. ജനായത്ത ഭരണം നിലവിൽവന്നതോടെ ഈ സമ്പ്രദായം പരിഷ്‌ക്കരിക്കപ്പെട്ടു.
ഒരു പഴങ്കഥ പറയാൻ എന്തിനിത്ര മുഖവുര എന്നു തോന്നുന്നുണ്ടോ? ക്ഷമിക്കണം. അല്പം നീണ്ട ഒരു മുഖവുരയുണ്ടെങ്കിൽ മാത്രമേ ഞാൻ പറയാൻ പോവുന്ന ചരിത്രഗാഥയ്ക്കു പൂർണ്ണതയുണ്ടാവൂ. അതി നാൽ ദയവുചെയ്‌ത് തുടർന്നുവായിക്കൂ.
പഴമകൊണ്ടും കച്ചവടപ്രാധാന്യംകൊണ്ടും ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന പട്ടണം മട്ടാഞ്ചേരിയായിരുന്നു. ഈ പ്രദേശത്തിൻ്റെ കിഴക്കേ അതിർത്തി കൊച്ചിക്കായൽതന്നെ! കൊച്ചി രാജകുടുംബത്തിൻ്റെ ഒരു വൻ കൊട്ടാരവും (ഡച്ചുകാർ കൊച്ചിരാജാവിനു നിർമ്മിച്ചു സമ്മാനിച്ച ഡച്ചുകൊട്ടാരം) ആരാധ്യദേവതമാരായ പഴയന്നൂർ ഭഗവതിയുടെയും പള്ളിയറക്കാവിൽ ഭഗവതിയുടെ ആസ്ഥാനങ്ങളും മട്ടാഞ്ചേരിയിലാണ്. മട്ടാഞ്ചേരിക്കു പടിഞ്ഞാറുള്ള ഭൂപ്രദേശം പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്ത രാർദ്ധത്തോടെ പോർച്ചുഗീസുകാരുടെ അധീനതയിലായി. അവരിൽനിന്നു ഡച്ചുകാർ കൈവശപ്പെടുത്തി. അവർക്കുശേഷം ബ്രിട്ടീഷുകാരുടെ നിയ ന്ത്രണത്തിലായതോടെ ഈ പ്രദേശം ബ്രിട്ടീഷ് കൊച്ചി എന്നറിയപ്പെട്ടു തുടങ്ങി.
കൊച്ചിക്കായലിൻ്റെ കിഴക്കേ തീരത്താണ് എറണാകുളം, കൊച്ചിരാജ്യ ത്തിന്റെ മുൻ തലസ്ഥാനം! കിരാതമൂർത്തിയായ പരമശിവനാണ് ഇവി ടത്തെ അധിദേവത. എറണാകുളത്തപ്പൻ്റെ ക്ഷേത്രത്തോടു ചേർന്ന് രാജ വംശത്തിന് ഒരു കൊട്ടാരമുണ്ടായിരുന്നു. കൃഷ്ണവിലാസം! (ഈ കൊട്ടാരം അടുത്ത കാലത്ത് പൊളിച്ചുകളഞ്ഞു) എന്നാൽ രാജകുടും ബാംഗങ്ങൾ സ്ഥിരമായി താമസിച്ചിരുന്നത് അല്‌പം കിഴക്കുമാറി തൃപ്പു ണിത്തുറ എന്ന സ്ഥലത്തായിരുന്നു. കൊട്ടാരക്കെട്ടുകളും കോവിലക ങ്ങളും തലയുയർത്തിനില്ക്കുന്ന ഒരു ദേവഭൂമിതന്നെയായിരുന്നു ഈ സ്ഥലം. രാജകുടുംബത്തിൻ്റെ ഉപാസനാമൂർത്തിയായ പൂർണ്ണത്രയീശനെ പ്രതിഷ്ഠിച്ചിരിക്കുന്ന തൃപ്പുണിത്തുറയമ്പലം അതിപുരാതനവും ശ്രേഷ്ഠ വുമാണ്. ഗതകാലപ്രതാപം ചോർന്നുപോകാത്തവിധം ഇന്നും ഈ ക്ഷേത്രം സംരക്ഷിക്കപ്പെട്ടുപോരുന്നു. ഇതുകൂടാതെ കാലാകാലത്ത് രാജ കുടുംബത്തിലെ വലിയമ്മത്തമ്പുരാൻ സ്ഥാനം വഹിച്ചിരുന്ന സ്ത്രീര ത്നത്തിനായി പണികഴിപ്പിച്ച ഒരെട്ടുകെട്ടും യാതൊരു കേടുപാടും കൂടാതെ നിലനില്ക്കുന്നുണ്ട്. ക്ഷേത്രത്തിനു തെക്കുമാറി നിലകൊള്ളുന്ന കളിക്കോട്ട പ്രൗഢിയുടെ മകുടോദാഹരണമാണ്. പത്തൊൻപതാം നൂറ്റാ ണ്ടിൽ ‘ഹിൽപാലസ്’ എന്ന കൊട്ടാരസമുച്ചയം നിർമ്മിച്ചതോടെ കൊച്ചി രാജാക്കന്മാരുടെ ഔദ്യോഗിക വസതി അവിടെയായി. (ഇപ്പോൾ ഹിൽപാ ലസ് സർക്കാരിന്റെ മ്യൂസിയമാണ്).
തൃശ്ശിവപേരൂർ, ചൊവ്വര, വെള്ളാരപ്പിള്ളി എന്നിവിടങ്ങളിലും ഭരണ സൗകര്യാർത്ഥം മഹാരാജാക്കൻമാർക്ക് എഴുന്നള്ളിത്താമസിക്കാൻ കൊട്ടാരങ്ങൾ ഉണ്ടായിരുന്നു. വെള്ളാരപ്പള്ളിയ്ക്കടുത്തായി പുണ്യപുരു ഷനായ ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി സ്ഥിതിചെയ്യുന്നു.
തൃശ്ശിവപേരൂരും അവിടത്തെ അധിദേവതയായ വടക്കുംനാഥനും എന്റെ ഐശ്വര്യങ്ങൾക്കു നിദാനമായി പരിലസിച്ചു.
ക്രിസ്ത്വബ്ദം 825 സെപ്‌തംബർ മാസത്തോടെ കേരളത്തിൽ പെരു മാൾവാഴ്‌ച അവസാനിച്ചു. വിസ്ത്യതമായ തൻ്റെ സാമ്രാജ്യം സാമ ന്തൻമാർക്കായി വീതിച്ചുനല്‌കി ഒടുവിലത്തെ പെരുമാൾ സ്ഥലം വിട്ട തോടെ സൂര്യവംശികളായ പെരുമ്പടപ്പുസ്വരൂപക്കാർ (കൊച്ചി രാജവംശം) എന്റെ സംരക്ഷകരായി. രാജകുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ പുരുഷനായിരുന്നു മഹാരാജസ്ഥാനം വഹിച്ച് രാജ്യഭാരം നടത്തിയിരു ന്നത്. നേരെ താഴെയുള്ള പുരുഷന്നാണ് ഇളയതമ്പുരാൻ സ്ഥാനം. അതിനു തൊട്ടുതാഴെ വീരകേരള തമ്പുരാൻ (വിരെളയതമ്പുരാൻ). പിന്നെ ദായക്രമത്തിൽ ഒന്നാംകൂറ്, രണ്ടാംകൂറ്, മൂന്നാംകൂറ് എന്നിങ്ങനെയാണ് പുരുഷൻമാരുടെ സ്ഥാനം. പെൺവഴിത്തമ്പുരാക്കന്മാരിൽ ഏറ്റവും പ്രായം ചെന്നയാൾക്ക് വലിയമ്മത്തമ്പുരാൻ എന്നാണ് സ്ഥാനപ്പേര്.
രാജവംശത്തിൻ്റെ ദായക്രമവും പിൻതുടർച്ചാവകാശവും മരുമക്ക ത്തായ സമ്പ്രദായത്തിലായിരുന്നു.
നാമധേയങ്ങളുടെ കാര്യത്തിലും പെരുമ്പടപ്പുസ്വരൂപത്തിൽ ചില ചിട്ട കളുണ്ടായിരുന്നു. പുരുഷൻമാർക്ക് രാമവർമ്മയെന്നും കേരളവർമ്മ യെന്നും രണ്ടേരണ്ടു പേരുകൾ മാത്രമേ പതിവുണ്ടായിരുന്നുള്ളൂ. ആളെ തിരിച്ചറിയാനുള്ള സൗകര്യത്തിനായി അപ്പൻ, അനിയൻ, കുഞ്ഞൂട്ടൻ, കുഞ്ഞുണ്ണി തുടങ്ങിയ വിളിപ്പേരുകൾ ഉപയോഗിക്കും. സ്ത്രീകൾക്ക് അംബികയെന്നും സുഭദ്രയെന്നുമാണ് ഔദ്യോഗികനാമങ്ങൾ. വിളിപ്പേ രുകൾ വേറെയാണു പതിവ്. പുരുഷൻമാരായാലും സ്ത്രീകളായാലും കുലനാമം തമ്പുരാൻ എന്നുതന്നെ. (ഉദാ:- കേരളവർമ കുഞ്ഞുണ്ണിത്ത മ്പുരാൻ, ഹൈമവതിത്തമ്പുരാൻ)
എട്ടാംശതകം മുതൽ പെരുമ്പടപ്പുസ്വരൂപത്തിലെ എത്രയെത്ര തമ്പു രാക്കന്മാരാണെന്നോ എന്നെ സംരക്ഷിച്ചത്! അവരുടെ കൈയിൽനിന്ന് വിദേശികൾ എന്നെ തട്ടിയെടുത്തു! വിദേശികൾ ഒഴിഞ്ഞുപോയതോടെ ഞാൻ ജനായത്ത ഭരണത്തിൻ കീഴിലായി. ഇന്നും അതു തുടരുന്നു. ഗതകാലത്തിന്റെ വഴിത്താരകളിലൂടെ ഇടയ്ക്കിടെ പ്രയാണം ചെയ്യുന്നത് എന്റെ ഒരു ശീലമാണ്. മനസ്സുനിറയെ മഹാത്മാക്കളായ ഭരണാധികാരി കളെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുമുള്ള സ്‌ര ണകളാണ്. അക്കൂട്ടത്തിൽ മാണിക്യംപോലെ തിളങ്ങുന്ന ഓരോർമ്മ എന്നെ കൂടക്കൂടെ ആവേശം കൊള്ളിക്കാറുണ്ട്. ഞാൻ ദൈവത്തെപ്പോലെ ആരാധിച്ച ഒരു മഹാനുഭാവനെക്കുറിച്ചുള്ള ദീപ്‌തമായ ഓരോർമ്മ! ആൾ ആരെന്നല്ലേ? സാക്ഷാൽ ശക്തൻ തമ്പുരാൻ! അനന്യമായ ഇച്ഛാശ ക്തിയും കായബലവുംകൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ച പുരുഷകേസരി ദുഷ്ടൻ, ക്രൂരൻ എന്നെല്ലാം പല ആരോപണങ്ങൾക്കും അദ്ദേഹം ഇര യായിട്ടുണ്ട്. പക്ഷേ, ഒരു രാജാവിനെങ്ങനെ സന്ന്യാസിയെപ്പോലെ അഹിംസാവാദിയാകാൻ കഴിയും? തെറ്റുകണ്ടാൽ ശിക്ഷിക്കാനുള്ള അധി കാരമില്ലേ രാജാവിന്? നാട്ടിൽ ശാന്തിയും സമാധാനവുമുണ്ടാക്കേണ്ടത് രാജാവിന്റെ കടമയല്ലേ? അല്‌പം കടുത്ത പ്രയോഗങ്ങൾകൊണ്ടു മാത്രമേ അപരാധങ്ങളെ അടിച്ചമർത്താൻ കഴിയൂ എന്നെനിക്കറിയാം. കണ്ണിൽ ചോരയില്ലാത്ത ദുഷ്ടനായല്ല, വിനാശസമുദ്രത്തിലേക്കു താണുകൊണ്ടി രുന്ന എന്നെ ആ പരിതാപനിലയിൽനിന്ന് ഉദ്ധരിക്കാനവതരിച്ച കൂർമ്മ മൂർത്തിയായേ ഞാനാ തിരുമനസ്സിനെ കണ്ടിട്ടുള്ളൂ.
എന്നെപ്പോലുള്ള അനവധിയനവധി നാട്ടുരാജ്യങ്ങൾ ലയിച്ചപ്പോഴാ ണല്ലോ ഭാരതം പിറന്നത്! അതോടെ ഞാൻ അറബിക്കടലിന്റെ റാണി യായി വാഴിക്കപ്പെട്ടു. അധികം വലുപ്പമില്ലാത്ത ഒരു കൊച്ചു പട്ടണം!
അതുകൊണ്ടെന്താ? എൻ്റെ പ്രശസ്‌തിക്കോ പുരോഗതിക്കോ ഒരു കോട്ടവുമുണ്ടായിട്ടില്ല. ഞാൻ വളർന്നു, ചരിത്രത്തിൽനിന്നു ചരിത്രത്തി ലേക്കു വളർന്നു. ഇന്നു ഞാൻ നഗരമാണ്. മഹാനഗരം! സുന്ദരി! സമ്പന്ന! ലോകപ്രശസ്ത! എൻ്റെ വളർച്ചയെക്കുറിച്ചു ശങ്കിക്കുന്നവരുണ്ട്. പക്ഷേ, എനിക്ക് അശേഷം ശങ്കയോ ആശങ്കയോ ഇല്ല. സ്‌മാർട്ട് സിറ്റി എന്ന പദ്ധതി നടക്കാത്ത സ്വപ്‌നമായി അവശേഷിക്കുമോ എന്ന അനിശ്ചിതത്വം നീങ്ങി. ഗോശ്രീപാലങ്ങൾ എൻ്റെ വളർച്ചയ്ക്കു നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകളെയോർത്തു പുളകംകൊള്ളാനെനിക്കെന്തിഷ്‌ടമാണെന്നോ! മെട്രോറെയിൽ യാഥാർത്ഥ്യമാകാൻ താമസമില്ല! എൻ്റെ പുരോഗതി ഇന്നും നാളെയും കൊണ്ടവസാനിക്കുകയില്ല; എനിക്കുറപ്പുണ്ട്.
ഇന്നു ഞാൻ നിർഭയമനസ്സോടെ ലോകത്തിനൊപ്പം തലയുയർത്തി നില്ക്കുന്നുണ്ടെങ്കിൽ അതിനു കാരണം നയകോവിദനായ എന്റെ ശക്തൻതമ്പുരാൻ്റെ അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ലെന്നു ഞാൻ വിശ്വ സിക്കുന്നു.
വീരെളയ തമ്പുരാൻ, ഇളയതമ്പുരാൻ, വലിയ തമ്പുരാൻ എന്നീ നില കളിൽ പ്രതിപുരുഷനായും മുഖ്യഭരണാധികാരിയായും മുപ്പത്തിയാറു വർഷം (ഇരുപതുവയസ്സുമുതൽ അൻപത്താറാം വയസ്സിൽ സ്വർഗ്ഗം പൂകു വോളം) എന്നെ സംരക്ഷിച്ച, പുരോഗതിയിലേക്കു സുഗമമായി മുന്നേറാ നുള്ള പാത വെട്ടിത്തുറന്നുതന്ന ആ മഹാനുഭാവൻ്റെ പാവനസ്‌മര ണയ്ക്കു മുൻപിൽ ശിരസ്സുനമിച്ചുകൊണ്ട് കാലത്തിന്റെ വാതിൽ ഞാനിതാ മെല്ലെത്തുറക്കട്ടെ. വരൂ, സംഭവബഹുലമായ ആ ജീവിതക ഥയിലേക്കു ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകാം. അനന്തമായ ചരി ത്രത്തിന്റെ പഴക്കമേറിയ താളുകളിലൂടെയുള്ള ഈ തീർത്ഥയാത്ര വ്യത്യ സ്തമായ ഒരനുഭവവും അനുഭൂതിയും നിങ്ങൾക്കു പ്രദാനം ചെയ്യും, തീർച്ച!