ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ഡിസംബർ 14 ന് ആഘോഷിക്കും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ഡിസംബർ 14 വ്യാഴാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിക്കും. സമ്പൂർണ്ണ നാരായണീയ പാരായണം രാവിലെ 5 മുതൽ ഒരു മണി വരെ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലും രാവിലെ 7 മണി മുതൽ മേൽപുത്തൂർ ആഡിറ്റോറിയത്തിലും സമ്പൂർണ്ണ നാരായണീയ പാരായണം ഉണ്ടാകും.

ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന നാരായണീയ പാരായണത്തിന് ഡോ. വി.അച്യുതൻകുട്ടി ആചാര്യനാകും. ഗുരുവായൂർ ബ്രാഹ്മണസമൂഹത്തിൻ്റെ ആഭിമുഖ്യത്തിലാണ് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ നാരായണീയ പാരായണം .

രാവിലെ 9 മുതൽ കിഴക്കേ നട  ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഡിറ്റോറിയത്തിൽ നടക്കുന്ന നാരായണീയം – ദേശീയ സെമിനാർ കോഴിക്കോട് സർവ്വകലാശാല സംസ്കൃത വകുപ്പ്  മേധാവിയായിരുന്ന ഡോ. പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വാഗതം ആശംസിക്കും. സെമിനാറിൽ ശ്രീപാദ സപ്തതി എന്ന വിഷയത്തെ കുറിച്ച് പ്രോഫ വി ആർ മുരളീധരൻ, റിട്ട പ്രൊഫ സംസ്കൃത സർവ്വകലാശാല, കാലടി ആദ്യ പ്രബന്ധം അവതരിപ്പിക്കും.  തുടർന്ന്  “നാരായണീയത്തിലൂടെ കവി നല്കുന്ന ആത്മസന്ദേശം” എന്ന വിഷയത്തിൽ കോഴിക്കോട് സർവ്വകലാശാലയിലെ പ്രഫസർ ഡോ എൻ കെ സുന്ദരേശ്വരൻ പ്രബന്ധം അവതരിപ്പിക്കും. സെമിനാറിൽ ഡോ ലക്ഷ്മി ശങ്കർ മോഡറേറ്ററായിരിക്കും.

വൈകിട്ട് 5 മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനാകും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ പ്രൊഫ ഡോ കെ മുത്തുലക്ഷ്മി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സമ്മേളനത്തിൽ മുഖ്യാതിഥിയാകും. ചടങ്ങിൽ മേൽപുത്തൂർ അനുസ്മരണ പ്രഭാഷണം പ്രൊഫ പി സി മുരളീമാധവൻ നിർവ്വഹിക്കും. 

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്,  സി മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സന്നിഹിതരാകും.

നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ അക്ഷരശ്ശോക, ദശക പാഠമൽസര വിജയികൾക്കുള്ള പാരിതോഷികങ്ങൾ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് നൽകും.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts