ഗുരുവായൂർ ദേവസ്വത്തിൻ്റെ 450 കോടിയുടെ ബാങ്ക് നിക്ഷേപം കാണുന്നില്ലെന്ന തരത്തിൽ ഓൺലൈൻ മാധ്യമത്തിലെ പ്രചാരണം അസംബന്ധവും സത്യവിരുദ്ധവുമാണെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു.ദേവസ്വത്തിൻ്റെ ഒരു നയാ പൈസയുടെ ബാങ്ക് നിക്ഷേപം പോലും നഷ്ടപ്പെട്ടിട്ടില്ല. ദേവസ്വം ആക്ട് പ്രകാരം നിയമാനുസൃതമായ ബാങ്കുകളിൽ മാത്രമാണ് ദേവസ്വം സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളത്. നിക്ഷേപ സുരക്ഷിതത്വം ഉറപ്പു നൽകുന്ന ബാങ്കുകളിലാണ് എല്ലാ നിക്ഷേപങ്ങളും. ഒരു രൂപ പോലും നഷ്ടപ്പെടില്ല. സത്യം ഇതായിരിക്കെ, ഒരു ഓൺലൈൻ മാധ്യമം നട്ടാൽ കുരുക്കാത്ത നുണയാണ് റിപ്പോർട്ട് ചെയ്തത്.. ഈ നുണകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം നുണകൾ പടർത്തി ഭക്തരിൽ വിദ്വേഷം പരത്താനുള്ള ശ്രമം അത്യന്തം നീചവും അപലപനീയവുമാണ്. ശ്രീഗുരുവായൂരപ്പൻ്റെ പരമഭക്തർ ഈ വിദ്വേഷ പ്രചരണം തിരിച്ചറിയും. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഭക്തജന സമൂഹം നിതാന്തജാഗ്രത പാലിക്കണം. ദേവസ്വത്തെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.