രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഭാരതം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വാർത്താസമ്മേളനം. നിശ്ചയിച്ചിരിക്കുന്നത്. ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും ഇസിഐ പ്രഖ്യാപിക്കും.
നാളെ നിശ്ചയിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് മുതൽ എട്ട് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഏഴു ഘട്ടങ്ങളിലായി ആണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കമീഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. 543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിജെപി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.
ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) തുടർച്ചയായ മൂന്നാം വിജയത്തിനാണ് ശ്രമിക്കുന്നത്. അതേസമയം കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സഖ്യം ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.