ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ ഗുരുവായൂർ കണ്ണന് നൃത്താർച്ചനയുമായി വനിതകളുടെ തിരുവാതിരക്കളിയരങ്ങ് ഉണർന്നു. വ്യാഴാഴ്ച പുലർച്ചെ ആറു മണിയോടെയാണ് തിരുവാതിരക്കളിക്ക് തിരശീല ഉയർന്നത്. ക്ഷേത്രം രുദ്ര തീർത്ഥക്കുളത്തിന് സമീപം വൃന്ദാവനം വേദിയാണ് അരങ്ങ്. ഇനി എട്ടാം ഉത്സവ ദിനമായ ഫെബ്രുവരി 28 ന് രാത്രി ഏഴു മണി വരെ ‘ വൃന്ദാവന’ത്തിൽ തിരുവാതിരക്കളി അരങ്ങേറും. ദിവസവും രാവിലെ 6 മുതൽ രാത്രി ഏഴു മണി വരെയാണ് സമയം.
ഇത്തവണ വടക്ക് കാസർഗോഡ് മുതൽ തെക്ക് തിരുവനന്തപുരം ജില്ലയിലുള്ളവർ വരെ ഗുരുവായൂരപ്പന് മുന്നിൽ തിരുവാതിരക്കളി അവതരിപ്പിക്കും. കേരളത്തിനു പുറമെ ചെന്നൈ, ബംഗളൂരു, മുംബയ് എന്നിവിടങ്ങളിലുള്ള ഭക്തരും തിരുവാതിരക്കളി അവതരിപ്പിക്കാൻ രംഗത്തുണ്ട്. 316 വനിതാ സംഘങ്ങൾക്കാണ് അനുമതി. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണിത്. 118 സംഘങ്ങളാണ് 2023 ൽ തിരുവാതിരക്കളി അവതരിപ്പിച്ചത്.