ഗുരുവായൂർ: ഗുരുവായൂർ ഉത്സവം ഒന്നാം ദിവസമായ ബുധനാഴ്ച രാവിലെ ഭക്തി നിർഭരമായ ചടങ്ങുകളോടെ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടന്നു. ഗുരുവായൂരിലെ ആനയില്ലാക്കാലത്തെ അനുസ്മരിച്ചായിരുന്നു ചടങ്ങ്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ ചടങ്ങ്. ശാന്തിയേറ്റ കീഴ്ശാന്തി ഗുരുവായൂരപ്പൻ്റെ സ്വർണ തിടമ്പ് കൈയിലെടുത്ത് നടന്നു മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർക്കൊപ്പം നിരവധി ഭക്തർ ഭക്തി സാന്ദ്രമായ ചടങ്ങിൽ സന്നിഹിതരായി.
ഗുരുവായൂർ ഉത്സവത്തിന് വേണ്ട ആനകളെ പണ്ട് തൃക്കണാമതിലകത്തു നിന്നാണ് അയച്ചിരുന്നത്. ഒരിക്കൽ സാമൂതിരിയും കൊച്ചി രാജാവുമായി അൽപ്പം നീരസത്തിലായി. അക്കൊല്ലത്തെ ഉത്സവത്തിന് തൃക്കണാമതിലകത്തുനിന്നും ആനകളെ ഗുരുവായൂർക്കയച്ചില്ല. അതിനാൽ ഉത്സവാരംഭ ദിവസം കാലത്തെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തിയത്. ഉത്സവത്തിന്റെ അന്ന് പന്തീരടിയോടടുത്ത സമയത്തു തൃക്കണാമത്തിലകത്തെ ആനകളെല്ലാം തന്നെ ഗുരുവായൂർക്കു സ്വമേധയാ ഓടിവരികയുണ്ടായി. സന്ധ്യക്ക് മുമ്പേ എല്ലാ ആനകളും ഗുരുവായൂരിലെത്തി. ഗുരുവായൂരിലെ ഉത്സവാരംഭ ദിവസം ആ ഓർമ്മക്കായി ഇന്നും കാലത്തെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തപ്പെടുന്നത്.
ഗുരുവായൂരപ്പന്റെ പ്രേരണയാൽ പണ്ടൊരിക്കൽ ആനകൾ സ്വമേധയാ ഓടിവന്നതിൻറെ സ്മരണ നിലനിർത്താനാണ് ഇന്നും ആനയോട്ടം ഒരു ചടങ്ങായി നടത്തപ്പെടുന്നത് ഇതിനു ഉത്സവത്തോളം തന്നെ പ്രശസ്തി ആർജ്ജിച്ചു കഴിഞ്ഞു.