ഗുരുവായൂ: ശ്രീ ഗുരുവായൂരപ്പൻ്റെ പത്തു ദിവസത്തെ തിരുവുത്സവ ചടങ്ങുകൾ വിജയകരമായി നടത്താൻ സഹായ സഹകരണങ്ങൾ നൽകിയ ശ്രീ ഗുരുവായൂരപ്പൻ്റെ എല്ലാ ഭക്തജനങ്ങൾക്കും ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ.വി.കെ വിജയൻ അകൈതവമായ നന്ദി അറിയിച്ചു.
മാർച്ച് 3ന് ഉൽസവ പ്രാരംഭ ചടങ്ങായ ആനയോട്ടം തുടങ്ങി മാർച്ച് 12ന് രാത്രി കൊടിയിറക്കം വരെ പത്തു ദിവസം അഭൂതപൂർവ്വമായ ഭക്തജന തിരക്കിനാണ് ഗുരുവായൂർ സാക്ഷ്യം വഹിച്ചത്. ദർശന സായൂജ്യം തേടിയെത്തിയ ഭക്തസഹസ്രങ്ങൾ പവിത്രമായ ഉൽസവ ചടങ്ങുകൾക്ക് സാക്ഷിയായി. ലക്ഷക്കണക്കിന് ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു.
ശ്രീ ഗുരുവായൂരപ്പ ചൈതന്യം നിറഞ്ഞ ദിനങ്ങളിൽ സുഗമമായ രീതിയിൽ ഉൽസവ ചടങ്ങുകൾ പൂർത്തീകരിക്കാൻ നിർല്ലോഭമായ സഹകരണം നൽകിയ ഭക്തജനങ്ങൾ, ഗുരുവായൂർ നഗരസഭ ,പോലീസ്, കെ.എസ്.ഇ.ബി. അഗ്നി രക്ഷാ സേന ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകൾ ദേവസ്വം ജീവനക്കാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങി എല്ലാവരുടെയും ത്യാഗപൂർണമായ സേവനം ഗുരുവായൂർ ദേവസ്വം ഭരണസമിതി നന്ദിയോടെ സ്മരിക്കുന്നു എന്നും ഈ സേവനവും അളവറ്റ പിൻതുണയും തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും
ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിച്ചു കൊണ്ട് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പത്രകുറിപ്പിൽ അറിയിച്ചു.