ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ഒപ്പം ക്യാമ്പയിന്‍റെ ഭാഗമായി അതിദരിദ്രര്‍ക്കുളള ഔഷധിയുടെ ഔഷധകിറ്റുകള്‍ വിതരണം ചെയ്തു.
മാര്‍ച്ച് 10 ന് നടന്ന ഔഷധകിറ്റ് വിതരണോദ്ഘാടനം പ്രശ്സ്ത സിനിമാ പിന്നണിഗായിക കെ എസ് ചിത്ര നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈലജ സുധന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, മെമ്പര്‍ സെക്രട്ടറി ജിഫി ജോയ്, കുടുംബശ്രീ അക്കൗണ്ടന്‍റ് കെ എസ് സുമീഷ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ഡ് 39 ലെ അതിദരിദ്രരുടെ ലിസ്റ്റില്‍പ്പെട്ട ദാക്ഷായണി ദാമോദരന്‍ കുളങ്ങര എന്നിവര്‍ക്കുളള ഔഷധകിറ്റാണ് നല്‍കിയത്. പി എം എ വൈ ലൈഫ് കുടുംബശ്രീ തുടങ്ങി വിവിധ പദ്ധതികള്‍ ഒന്നിപ്പിച്ച് പൊതുജനങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനാണ് ഒപ്പം ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുളളത്. അര്‍ഹതപ്പെട്ടവര്‍ക്കുളള ഔഷധ കിറ്റ് വിതരണം വരും ദിവസങ്ങളിലും തുടരുന്നതായിരിക്കും.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണ് ഗുരുവായൂര്‍ നഗരസഭക്ക് ആവശ്യമായ ഔഷധകിറ്റുകള്‍ സൗജന്യമായി നല്‍കിയിട്ടുളളതെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു.