ന്യൂഡൽഹി: കാലപ്പഴക്കം ചേർന്ന വാഹനങ്ങൾ ഇന്നും നിരത്തിലിറക്കുന്നവർ നിരവധിയാണ്. ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ 2009-ലാണ് കേന്ദ്രസർക്കാർ വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ചത്. വാഹനത്തിൽ നിന്നും ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കുക, വാഹന വിപണി കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ നയത്തിന് രൂപം നൽകിയത്. ഇപ്പോഴിതാ കേന്ദ്രസർക്കാറിന്റെ വാഹനം പൊളിക്കൽ നയത്തിന് കൂടുതൽ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി സർക്കാർ.
പഴയ വാഹനം പൊളിക്കാൻ നൽകിയ ശേഷം, പുതിയത് വാങ്ങുന്നവർക്ക് റോഡ് നികുതിയിൽ നിന്നും 50,000 രൂപയുടെ കിഴിവ് നൽകുമെന്നാണ് ഡൽഹി സർക്കാരിന്റെ പ്രഖ്യാപനം. നിലവിൽ, 10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളും, 15 വർഷം പിന്നിട്ട പെട്രോൾ വാഹനങ്ങളും ഡൽഹിയുടെ നിരത്തുകളിൽ സജീവമായി സർവീസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. വാഹനത്തിന്റെ സെഗ്മെന്റിനും വിലയ്ക്കും അനുസരിച്ചുള്ള സബ്സിഡികളാണ് പ്രധാനമായും നൽകുന്നത്. സ്വകാര്യ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും ഇത്തരത്തിൽ സബ്സിഡി ഏർപ്പെടുത്താൻ സാധ്യതയുണ്ട്.