ജയദേവ കവിയുടെ ഛായാചിത്രത്തിൻ്റെ അനാച്ഛാദന കർമ്മം ഗുരുവായൂരിൽ നടന്നു.

ഗുരുവായൂർ: സുപ്രസിദ്ധ സംസ്കൃത കാവ്യം ഗീതഗോവിന്ദത്തിൻ്റെ (അഷ്ടപദി) രചയിതാവായ ജയദേവകവിയുടെ ഛായാചിത്രത്തിൻ്റെ അനാച്ഛാദന കർമ്മം ഗുരുവായൂർ നാരായണാലയത്തിൽ വെച്ച് നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതിയും ഗുരുവായൂർ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയും ചേർന്ന് നിർവ്വഹിച്ചു.

യശശ്ശരീരനായ അഷ്ടപദി കുലപതി ജനാർദ്ദനൻ നെടുങ്ങാടിയുടെ ഓർമ്മക്കായി രൂപീകരിച്ച “ഗീതഗോവിന്ദം ട്രസ്റ്റിൻ്റേയും”, പൈതൃകം ഗുരുവായൂരിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഛായാചിത്രം വരച്ച ഹരികൃഷ്ണൻ ഗുരുവായൂർ, അഷ്ടപദി ആശാൻ ജ്യോതിദാസ് ഗുരുവായൂർ എന്നിവരെ ആദരിച്ചു.

ചടങ്ങിൽ ഗീതഗോവിന്ദം ട്രസ്റ്റ് ഭാരവാഹികളായ കെ പി കരുണാകരൻ, ആർ നാരായണൻ (ഗുരുസ്വാമി ) ജനാർദ്ദനൻ നെടുങ്ങാടിയുടെ പുത്രൻ ഉണ്ണികൃഷ്ണൻ,നാരായണാലയം ട്രസ്റ്റി ഗോപാലകൃഷ്ണ അയ്യർ, പൈതൃകം കോ- ഓർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, ഡോ കെ ബി പ്രഭാകരൻ, ശ്രീകുമാർ പി നായർ, മുരളി അകമ്പടി, രവീന്ദ്രൻ വട്ടരങ്ങത്ത് എന്നിവർ പ്രസംഗിച്ചു.

ഭക്തിരസവും ശൃംഗാര രസവും ഭംഗിയായി സമന്വയിപ്പിച്ച വിശ്വ പ്രസിദ്ധമായ സംസ്കൃതകാവ്യം ഗീതഗോവിന്ദത്തിൻ്റെ [അഷ്ടപദി ] രചയിതാവായ ശ്രീജയദേവ കവിയുടെ  രൂപം ഭക്തജനങ്ങൾക്കും സംഗീതാസ്വാദകർക്കും തങ്ങളുടെ മനസ്സിൽ കാണാനും, ആരാധിക്കാനുമായി  ഒരു ഛായാചിത്രമോ മറ്റോ ഇല്ല എന്നുള്ളതാണ് വസ്തുത.

ലോകത്തിൽ തന്നെ അഷ്ടപദിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഗുരുവായൂരിൽ ഗീതഗോവിന്ദത്തിനും, ജയദേവ കവിക്കും നൽകി വരുന്ന സ്നേഹവും,പരിഗണനയും , ആദരവും മനസ്സിലാക്കി അഭിനവ ജയദേവരായിരുന്ന അനശ്വരനായ ശ്രീ ജനാർദ്ദനൻനെടുങ്ങാടി ആശാൻ രൂപീകരിച്ച ഗീതഗോവിന്ദം ട്രസ്റ്റും, പൈതൃകം ഗുരുവായൂരും സംയുക്തമായി സംഘടിപ്പിക്കുന്ന “പഞ്ചരത്ന അഷ്ടപദി ” ആലാപനത്തിൻ്റെ ഭാഗമായി ഹരി കൃഷ്ണൻ ഗുരുവായൂർ വരച്ച ജയദേവ കവിയുടെ ഛായാചിത്രം സംഗീതാസ്വാദകർക്കും, ശ്രീകൃഷ്ണ ഭക്തർക്കുമായി സമർപ്പിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts