ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 28 ഞായറാഴ്‌ച രാവിലെ 10 മണിക്ക് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വെച്ച് ‘പഞ്ചരത്ന അഷ്ടപദി’ പാട്ടരങ്ങിൽ നടക്കും. പതിറ്റാണ്ടുകളുടെ അഷ്ടപദി ആലാപന തഴക്കത്തിൽ ശ്രദ്ധേയനായിരുന്ന ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടിയുടെ ശിഷ്യനായ ജ്യോതിദാസ് ഗുരുവായൂർ ആണ് ഇതിന് നേതൃത്വം നൽകുന്നത്.
സോപാനസംഗീതത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അഞ്ച് അഷ്ടപദികൾ സന്നിവേശിപ്പിച്ച് ‘പഞ്ചരത്ന അഷ്ടപദി ‘ സാക്ഷാൽക്കരിക്കുകയാണ് ഗുരുവായൂർ ജ്യോതിദാസും ശിഷ്യരും ഗുരുവായുരപ്പന് മുന്നിൽ.
കേരളീയ സംഗീതത്തിന് വൈഷ്‌ണവ ഗീതമായി ലഭിച്ച അസുലഭ ഗാനമാർഗ്ഗമാണ് ഗീതഗോവിന്ദം. കൊട്ടിപ്പാടി സേവയ്ക്ക് അനുയോജ്യമായ ഈ കൃതി പല കാലങ്ങളിൽ പല പാട്ടുകാർ വൈവിധ്യപൂർണമായ ആലാപന ശൈലികളിലൂടെ ഭാവാത്മകമാക്കി. ദൃശ്യപരമായും ഗീതഗോവിന്ദത്തിന് വ്യാഖാനങ്ങളുണ്ടായി. ശ്രീ ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കൃതികളുടെ ആലാപനത്തിന്റെ മാതൃകയിൽ ജയദേവ ഗീതത്തിന് പുതിയൊരു ഗാന സാക്ഷാൽക്കാരം ഒരുക്കുക്കി തൻ്റെ പുതിയ പാട്ടുപരീക്ഷണ പാതയിലൂടെ തനതു സംഗീതത്തിന് നവ മുഖം നൽകുകയാണ് ജ്യോതിദാസ്.
പക്കമേളമൊരുക്കുന്നത് മൃദംഗം ഡോ. കുഴൽമന്ദം ജി രാമകൃഷ്ണൻ, വയലിൻ രാധിക പരമേശ്വരൻ, ഇടയ്ക്ക തൃപ്പൂണിത്തുറ കൃഷ്ണദാസ്, ഡോ. തൃശൂർ കൃഷ്ണകുമാർ, തൃപ്പൂണിത്തുറ അരുൺ കൃഷ്ണദാസ് എന്നിവരാണ്
‘പഞ്ചരത്ന അഷ്ടപദി’ യോടനുബന്ധിച്ച് ജനുവരി 25 വ്യാഴം രാവിലെ 8.30 ന് ഗുരുവായൂർ വടക്കേനടയിലുള്ള നാരായണാലയത്തിൽ വച്ച് ജയദേവ കവിയുടെ ഛായാചിത്ര അനാച്ഛാദനം നടക്കുമെന്നും ഗീതഗോവിന്ദം ട്രസ്‌റ്റിനു വേണ്ടി കെ പി കരുണാകരൻ, ആർ നാരായണൻ (ഗുരു ഗുരുവായൂർ) പി ഉണ്ണികൃഷ്‌ണൻ എന്നിവർ അറിയിച്ചു.